അത് വിധിയല്ലല്ലോ, വിധിച്ചതല്ലേ?; ടി.പി വധത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉമാ തോമസ്

Jaihind Webdesk
Monday, July 18, 2022

 

തിരുവനന്തപുരം: കെ.കെ രമയ്ക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ മുഖ്യമന്ത്രിക്കും എംഎം മണിക്കുമെതിരെ  നിയമസഭയില്‍ രൂക്ഷ വിമർശനവുമായി ഉമാ തോമസ്. രമയുടെ വൈധവ്യം വിധിയല്ലെന്നും വിധിച്ചതാണെന്നും രമ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധം സിപിഎം ക്വട്ടേഷനെന്ന് നിയമസഭയില്‍ ഉമാ തോമസ് ആരോപിച്ചു.

“മഹതി, വിധി, വിധവ എന്നതൊന്നും അണ്‍പാര്‍ലമെന്‍ററി വാക്കകളല്ല. എന്നാല്‍ ഒരു മഹാന്‍ ഈ വാക്കുകള്‍ കോര്‍ത്തിണക്കി പ്രത്യേക ശരീരഭാഷയോടെ കഴിഞ്ഞ ദിവസം രമക്കെതിരെ പറഞ്ഞത് തെറ്റായിരുന്നു സാര്‍. അത് വിധിയല്ലല്ലോ, വിധിച്ചതല്ലേ? 51 വെട്ട് വെട്ടി ടി.പിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെ ഒത്താശയോടെയല്ലേ? മടിയില്‍ കനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. തെറ്റ് തിരുത്താന്‍ തയാറാകാത്ത മഹാനും അത് ശരിയാണെന്ന് ഊട്ടിയുറപ്പിച്ച മഹാനുഭാവനും കൂടിയായപ്പോള്‍ എല്ലാം പൂർണ്ണമായി” – ഉമാ തോമസ് പറഞ്ഞു. എല്ലാം ഒരു സമൂഹം വിലയിരുത്തുന്നുണ്ടെന്നത് മറക്കരുതെന്നും ഉമ കൂട്ടിച്ചേർത്തു.

ഉമാ തോമസിന്‍റെ പരാമര്‍ശത്തില്‍ എതിര്‍പ്പ് ഉന്നയിച്ച ഭരണപക്ഷം ഇത് രേഖയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്ന് ചെയർ അറിയിച്ചു. കെ.കെ രമയെ അധിക്ഷേപിച്ച എംഎം മണിയുടെ പരാമർശം നിയമസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെട്ടു. പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷം മണി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.