ഉമാ തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത് നൂറുകണക്കിന് പ്രവർത്തകർ : സ്ഥാനാർത്ഥിക്ക് എല്ലായിടത്തും വന്‍ വരവേല്‍പ്പ്

Jaihind Webdesk
Wednesday, May 25, 2022

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ  ഇന്നത്തെ പ്രചാരണം ആരംഭിച്ചത് കലൂർ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നിന്നാണ്. കെപിസിസി മൈനോറിറ്റി സെൽ നടത്തിയ കൂട്ടയോട്ടത്തിൽ പങ്കെടുത്തുകൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ കൂട്ടയോട്ടം ഫ്ലാഗോഫ് ചെയ്തു. നൂറുകണക്കിന് പ്രവർത്തകരാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി കൂട്ടയോട്ടത്തിൽ പങ്കെടുത്തത്. തുടർന്ന് തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിലെ തോപ്പിൽ ലക്ഷംവീട് കോളനിയിൽ സന്ദർശനം നടത്തി. റോജി എം ജോൺ എംഎൽഎയും ഉമ തോമസിനൊപ്പമുണ്ടായിരുന്നു. പിന്നീട് പോപ്പുലർ കാൻഡിൽസിൽ രമ്യ ഹരിദാസ് എംപി, റോജി എം ജോൺ എം എൽ എ യോടുമൊപ്പം വോട്ടഭ്യർഥന നടത്തി. തുടർന്ന് നവജ്യോതി കോൺവെന്‍റിലെത്തിയ സ്ഥാനാർഥിയെ സിസ്റ്റർ ഫ്രാൻസിനയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പിന്നീട് ബിഎംസി കോളേജിലെത്തി ഫാ. എബ്രഹാം ഒലിമുകളിലെ സന്ദർശിച്ച് പിന്തുണ തേടി. തുടർന്ന് വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടുതേടി. ഇതിനിടയിൽ ജോയ് വെള്ളിപ്പാടന്‍റെ വീട്ടിലെത്തിയ സ്ഥാനാർഥിക്കൊപ്പം വളർത്തുനായ റൂബി ഒപ്പം കൂടിയത് കൗതുകമുണർത്തി. റൂബിയെ കുറച്ചുനേരം എടുത്തുയർത്തി താലോലിച്ച ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.

മെഴുകുതിരി വ്യവസായം പ്രതിസന്ധി നേരിട്ടപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പി.ടി എടുത്ത നടപടികള്‍ ഉമാ തോമസ് പ്രചരണത്തിനിടെ ഓർത്തെടുത്തു. പെട്രോളിയം ഉല്‍പന്നങ്ങളുടെ ദൈനംദിന വില വർധനവിൽ ചെറുകിട വ്യവസായങ്ങൾക്ക് പ്രത്യേകിച്ച് മെഴുകുതിരി വ്യവസായത്തിന് മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥ പോപ്പുലർ ക്യാന്‍റിൽസിന്‍റെ ഉടമ ജോസേട്ടൻ പി ടി തോമസിനെ വിളിച്ച് അറിയിക്കുന്നത് വെല്ലൂരിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിൽ ഉള്ളപ്പോഴാണ്. അപ്പോൾ തന്നെ കൊച്ചിയിൽ വ്യവസായ വകുപ്പ് മന്ത്രി നടത്തുന്ന മീറ്റിങ്ങിന് മുമ്പായി ചെറുകിട വ്യവസായികളുടെ പ്രശ്നങ്ങളെക്കുറിച്ച് പി.ടി മന്ത്രിക്ക് സന്ദേശമയക്കുകയും ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. പോപ്പുലർ ക്യാന്‍റിൽസിലെ തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ ഉമാ തോമസ് എത്തിയപ്പോഴായിരുന്നു മരണത്തിന് മുമ്പായി പി ടി തോമസ് അവരുടെ കാര്യങ്ങളിൽ പുലർത്തിയ ജാഗ്രത പങ്ക് വച്ചത്. ഉമ തോമസ് മഹാരാജാസിലെ കെ.എസ്.യു പ്രവർത്തകയായിരുന്നപ്പോൾ യൂണിറ്റ് പ്രസിഡന്‍റായിരുന്ന പോപ്പുലർ ക്യാന്‍റിൽസിന്‍റെ ഉടമ ജോയി ഉമയുടെ നേതൃപാഠവവും തൊഴിലാളികളുമായി പങ്ക് വച്ചു. വലിയ സ്വീകരണം നൽകിയാണ് ഉമയെ തൊഴിലാളികൾ സ്വീകരിച്ചത്. വോട്ടു ചോദ്യത്തിന് ഹരം പകർന്ന് സ്ഥാനാർത്ഥിക്ക് ഒപ്പമെത്തിയ രമ്യാ ഹരിദാസ് എം.പി യുടെ പാട്ട് കൂടി ആയപ്പോൾ കൂടി നിന്ന തൊഴിലാളികൾ നിറഞ്ഞ കയ്യടികൾ നൽകി ഉമയെ ചേർത്ത് നിർത്തി.

പാലാരിവട്ടം മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനം പാലാരിവട്ടം ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് സ്ഥാനാർഥിയെ സംഘടിതമായി വ്യക്തിഹത്യ ചെയ്യുകയാണെന്ന് കെ. സി വേണുഗോപാൽ പറഞ്ഞു. പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേർന്നതിന്‍റെ പേരിൽ പിണറായി വിജയൻ ബിജെപി ആകുമോയെന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറിയെയും കൂട്ടരെയും ഗുജറാത്തിലേക്ക് അയച്ച് അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ആളുകളാണ് ബിജെപി പ്രവർത്തകരോട് വോട്ട് ചോദിച്ചതിന് യുഡിഎഫ് സ്ഥാനാർഥിയെ ആക്ഷേപിച്ചതെന്നും ഇവർ സി പി എം ഓഫീസുകളിൽ വോട്ട് അഭ്യർത്ഥിച്ച ഉമ തോമസിനെ കുറിച്ച് മിണ്ടുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.പിമാരായ
എൻ.കെ പ്രേമചന്ദ്രൻ , രാജ് മോഹൻ ഉണ്ണിത്താൻ, എം.എൽ എ മാരായ എ പി അനിൽകുമാർ , നജീബ് കാന്തപുരം, നേതാക്കളായ ഫ്രാൻസിസ് ജോർജ്, പി.സി തോമസ്, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.

പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം മില്ലേനിയംനഗർ, ഹെൻട്രി കോളനി, പുനത്തിൽ പാടം, ഗോഡൗൺ ജംഗ്ഷൻ, വൈഎം ജെറോഡ്, പുത്തൻപുരക്കൽ ജംഗ്ഷൻ, സൗത്ത് ജനത സെൻ്റ് മേരീസ് ജംഗ്ഷൻ, സബർമതി റോഡ്, ദേശാഭിമാനി ജംഗ്ഷൻ വഴി കറുകപ്പള്ളിയിൽ സമാപിച്ചു.