വിജയം സുനിശ്ചിതമെന്ന് ഉമാ തോമസ്; തൃക്കാക്കരയില്‍ നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍

Jaihind Webdesk
Monday, May 30, 2022

കൊച്ചി: തൃക്കാക്കരയിൽ വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാവുമെന്നും ഉമ പറഞ്ഞു. ഇന്ന് രാവിലെ കൊച്ചി മെട്രോയിൽ ആളുകളെ കണ്ട് ഉമാ തോമസ് വോട്ടഭ്യർത്ഥിച്ചു. മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതും മെട്രോ യാത്രക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളും ഉമാ തോമസിനോട് ആളുകൾ പങ്കുവെച്ചു. യുഡിഎഫ് സർക്കാർ പൂർത്തിയാക്കിയ മെട്രോ കാക്കനാട് വരെ നീട്ടേണ്ടത് അത്യാവശ്യമാണെന്ന് ഉമാ തോമസ് വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിച്ചിരുന്നു. പിന്നാലെ നിശബ്ദ പ്രചാരണത്തിന്‍റെ തിരക്കുകളിലേക്കാണ് മുന്നണി സ്ഥാനാർത്ഥികള്‍. പരമാവധി പേരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള അന്തിമഘട്ട പരിശ്രമത്തിലാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥികള്‍.