‘പി.ടി ഉയർത്തിയ ആദർശവും പോരാട്ടവും മുന്നോട്ട് കൊണ്ടുപോകും’: ഉമാ തോമസ്

Sunday, May 8, 2022

കൊച്ചി: എനിക്ക് പി.ടിയുടെ പകരക്കാരിയാവാൻ കഴിയില്ലെങ്കിലും പി.ടിയുടെ പിൻഗാമിയാവാൻ കഴിഞ്ഞാൽ അദ്ദേഹം ഉയർത്തിയ ആദർശവും പോരാട്ടവും മുന്നോട്ടുകൊണ്ട് പോവുമെന്ന് ഉമാ തോമസ്. ജസ്റ്റിസ് ഫോർ വുമൺ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച അതിജീവിതയ്ക്കൊപ്പം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിന്നു ഉമാ തോമസ്.

ഇവിടെ വരേണ്ടത് എന്‍റെ കടമയാ ണ്. നടി അക്രമിക്കപ്പെട്ട സംഭവത്തിൽ പി.ടി അനുഭവിച്ച വേദന കണ്ടത് ഞാനാണ്. ഒരു മകളുടെ വേദന കണ്ട ഒരു അച്ഛന്‍റെ നെഞ്ചിലെ നീറ്റലാണ് ഞാൻ അന്ന് പി.ടിയിൽ കണ്ടത്. നീതിയുടെ പോരാട്ടത്തിൽ എനിക്ക് ആത്മവിശ്വാസം നൽകിയത് പി.ടി ആണെന്ന് ആ പെൺകുട്ടി പിന്നീട് പറഞ്ഞുകേട്ടു. പി.ടി മരണപ്പെട്ടപ്പോൾ ഇരയായ പെൺകുട്ടി എന്നെ വിളിച്ചിരുന്നു. പി.ടി അസുഖബാധിതനാണന്ന് അറിഞ്ഞിരുന്നെങ്കിൽ നേരിൽ വന്ന് കാണുമെന്ന് അവർ പറഞ്ഞു.
പി.ടി പുലർത്തിയ സത്യസന്ധത ഞാനും മുറുകെ പിടിക്കുമെന്നും ഇരയുടെ നീതിക്കായുള്ള പോരാട്ടത്തിൽ മുന്നോട്ടുപോകുമെന്നും ഉമാ തോമസ് പറഞ്ഞു.

പി.ടി നീതിക്കായി പോരാട്ടം നടത്തിയ ആളാണ്. കേരളത്തിലെ സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയും അതിജീവിതയുടെ നീതിക്ക് വേണ്ടിയും പി.ടി നടത്തിയ പോരാട്ടം വളരെ വലുതാണ്. പി.ടിയുടെ പിൻഗാമിയാവാൻ ഉമാ തോമസ് ഉയർത്തുന്ന കൊടിയിൽ നീതിയുടെ അംശമുണ്ടാവുമെന്ന് ഉറപ്പാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സംവിധായകൻ ബൈജു കൊട്ടാരക്കര പറഞ്ഞു. മുഹമ്മദ് ഷിയാസ്, ദീപ്തി മേരീ വർഗീസ് എന്നിവരും ഉമാ തോമസിനൊപ്പമുണ്ടായിരുന്നു.