യുക്രൈന്റെ ഡ്രോണ്‍ ആക്രമണ ഭീഷണി: കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന്റെ വിമാനത്തിന് മോസ്‌ക്കോയില്‍ ലാന്‍ഡിംഗ് വൈകി

Jaihind News Bureau
Friday, May 23, 2025

മോസ്‌കോ: ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യത്തിന്റെ ഭാഗമായി റഷ്യയിലെത്തിയ ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം സഞ്ചരിച്ച വിമാനം ലാന്‍ഡ് ചെയ്യാന്‍ മണിക്കൂറുകള്‍ വൈകി. വ്യാഴാഴ്ച മോസ്‌കോ വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടതാണ് ഇതിന് കാരണമെന്ന് എംപിയുടെ സംഘം അറിയിച്ചു.

യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഡൊമൊഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവച്ചു. ഇതേത്തുടര്‍ന്ന് എംപി കനിമൊഴി ഉള്‍പ്പെട്ട വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നിഷേധിക്കപ്പെട്ടു. ആകാശത്ത് തുടരാന്‍ നിര്‍ദ്ദേശം ലഭിച്ചു. തുടര്‍ന്ന് നീണ്ട കാത്തു നില്‍പ്പിനു ശേഷം വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി സര്‍വ്വകക്ഷി എംപിമാരുടെ സംഘത്തെ സ്വീകരിക്കുകയും സുരക്ഷിതമായി ഹോട്ടലിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

സമാജ്വാദി പാര്‍ട്ടി എംപി രാജീവ് റായ്, ബിജെപി എംപി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട (റിട്ട.), ആര്‍ജെഡി എംപി പ്രേംചന്ദ് ഗുപ്ത, എഎപി എംപി അശോക് കുമാര്‍ മിത്തല്‍, യൂറോപ്യന്‍ യൂണിയന്‍, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നേപ്പാള്‍ എന്നിവിടങ്ങളിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ഐക്യരാഷ്ട്രസഭയിലെ മുന്‍ ഡെപ്യൂട്ടി പെര്‍മനന്റ് റെപ്രസന്റേറ്റീവുമായ അംബാസഡര്‍ മന്‍ജീവ് സിംഗ് പുരി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ അടുത്തിടെ ആരംഭിച്ച ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സംബന്ധിച്ച് വിവിധ രാജ്യങ്ങളെ ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം റഷ്യ, സ്‌പെയിന്‍, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. പ്രാദേശിക സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടും പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോധവത്കരിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം.