
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ പുതിയ നിയമം നടപ്പാക്കാനൊരുങ്ങി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഇനി മുതല്‍ ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സമാന സ്ഥാപനങ്ങള്‍ എന്നിവരടക്കം ഒരാളുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും കര്‍ശനമായി തടയും.
ഈ പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ പിടിഐയോട് വ്യക്തമാക്കി. മറ്റൊരാളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൈവശം വെക്കുന്നത് ആധാര്‍ നിയമത്തിന്റെ ലംഘനമായി കണക്കാക്കും. ഇനി മുതല്‍ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കാന്‍ പാടില്ല. രേഖകളുടെ പരിശോധന ഇനി ഡിജിറ്റലായി മാത്രമേ നടത്താന്‍ പാടുള്ളൂ. ഇതിനായുള്ള സംവിധാനങ്ങള്‍ രാജ്യത്ത് എല്ലായിടത്തും നടപ്പാക്കും.
പുതിയ നിയമം വരുന്നതോടെ, ആധാര്‍ പരിശോധന നടത്തുന്ന ഹോട്ടലുകളും സ്വകാര്യ കമ്പനികളും ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. പേപ്പര്‍ അധിഷ്ഠിത ആധാര്‍ പരിശോധന പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്തുകയും ഡാറ്റാ ചോര്‍ച്ചയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുക എന്നതാണ് യുഐഡിഎഐയുടെ ലക്ഷ്യം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭുവനേഷ് കുമാര്‍ അറിയിച്ചു.