ന്യൂഡല്‍ഹി : 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്ക് സൗജന്യ വാക്സിനേഷൻ ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബാനറുകൾ സ്ഥാപിക്കാൻ സർവകലാശാലകള്‍ക്കും കോളേജുകള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും യു.ജി.സി നിർദ്ദേശം. ബാനറുകള്‍ സ്ഥാപിച്ചതിന്‍റെ ചിത്രം സ്ഥാപനങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാനും ഉദ്യോഗസ്ഥർക്ക് അയച്ച വാട്സ്ആപ് സന്ദേശത്തിൽ യുജിസി സെക്രട്ടറി രജനിഷ് ജെയിന്‍ ആവശ്യപ്പെട്ടു.
“2021 ജൂൺ 21 മുതൽ നാളെ മുതൽ 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് സർക്കാർ വാക്സിനേഷൻ ആരംഭിക്കുന്നു. ഇക്കാര്യത്തിൽ, സർവകലാശാലകളും കോളേജുകളും ഈ ഹോർഡിംഗുകളും ബാനറുകളും അവരുടെ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. “ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഹോർഡിംഗുകളുടെയും ബാനറുകളുടെയും അംഗീകൃത രൂപകൽപ്പന വിവര, പ്രക്ഷേപണ മന്ത്രാലയം നൽകിയതുപോലെ നിങ്ങളുടെ റഫറൻസിനായി അറ്റാച്ചുചെയ്തിരിക്കുന്നു”- എന്നായിരുന്നു രജനീഷിന്‍റെ വാട്സ്ആപ് സന്ദേശം.
അതേസമയം നടപടിക്കെതിരെ വ്യാപകവിമർശനമാണുയരുന്നത്. അക്കാദമിക് വിദഗ്ധരും വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവർ നടപടിക്കെതിരെ രംഗത്തെത്തി. സർക്കാരിന്‍റെ പ്രചാരണത്തിനായി സർവകലാശാലകളെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഇവർ പറയുന്നു.