യുവേഫ ചാമ്പ്യൻസ് ലീഗ് : പ്രീക്വാർട്ടർ പോരാട്ട ലൈനപ്പ് ആയി

Jaihind News Bureau
Tuesday, December 17, 2019


യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്‍റെ പ്രീക്വാർട്ടർ മത്സരങ്ങളുടെ ചിത്രം വ്യക്തമായി. യുവേഫ ആസ്ഥാനത്തുനടന്ന നറുക്കെടുപ്പിലൂടെയാണ് പ്രീക്വാർട്ടർ പോരാട്ട ലൈനപ്പ് ആയത്. ആദ്യപാദ മത്സരങ്ങൾ 2020 ഫെബ്രുവരിയിലും രണ്ടാം പാദ മത്സരങ്ങൾ മാർച്ച് മാസത്തിലുമാണ് നടക്കുക.

സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡിൻറെ എതിരാളി ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയാണ്. ഇംഗ്ലീഷ് ക്ലബ് ചെൽസിയും ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പ്രതിനിധികളായ ലിവർപൂളിനും ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും പ്രീക്വാർട്ടർ കടുപ്പമേറിയതാണ്. എന്നാൽ, ടോട്ടനത്തിനു ലഭിച്ചിരിക്കുന്നത് ജർമൻ സംഘമായ ലീപ്‌സിഗിനെയാണ്. ബാഴ്‌സയുടെ മുൻ പരിശീലകനായ ഗ്വാർഡിയോള റയലിനെതിരേ വീണ്ടും ഇറങ്ങുന്നു എന്നതാണ് ഈ പോരാട്ടത്തിൻറെ ശ്രദ്ധാകേന്ദ്രം. പ്രീക്വാർട്ടറിലെ സൂപ്പർ പോരാട്ടവും ഇതുതന്നെ.

നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൻറെ എതിരാളി സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡ് ആണ്.
യൂറോപ്യൻ പോരാട്ടങ്ങളിൽ അസാമാന്യ പ്രകടനം കാഴ്ചവയ്ക്കുന്ന ചരിത്രമുള്ള സംഘമാണ് അത്ലറ്റിക്കോ. ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ജർമൻ സംഘമായ ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലുള്ള മത്സരവും കടുപ്പമേറിയതാണ്.

ഇറ്റലിയിൽനിന്നുള്ള നാപ്പോളിയാണ് മുൻ ചാമ്പ്യന്മാരായ ബാഴ്‌സലോണയുടെ എതിരാളികൾ. മറ്റൊരു ഇറ്റാലിയൻ സംഘമായ യുവൻറസിൻറെ എതിരാളി ഫ്രഞ്ച് സംഘമായ ലിയോൺ ആണ്. സ്പാനിഷ് പ്രതിനിധികളായ വലൻസിയയും ഇറ്റലിയിൽനിന്നുള്ള അത്ലാന്തയും തമ്മിലാണ് മറ്റൊരു പ്രീക്വാർട്ടർ.

സ്‌പെയിനിൽനിന്നും ഇംഗ്ലണ്ടിൽനിന്നും നാല് ടീമുകൾ വീതവും ഇറ്റലി, ജർമനി എന്നിവിടങ്ങളിൽനിന്ന് മൂന്ന് വീതവും ഫ്രാൻസിൽനിന്ന് രണ്ട് ടീമുമാണ് പ്രീക്വാർട്ടറിൽ ഉള്ളത്.