ഒന്നൊന്നായി വീഴ്ചകള്‍; പിണറായി സർക്കാരിനെതിരെ യുഡിവൈഎഫിന്‍റെ ജനകീയ അവിശ്വാസ പ്രമേയം നാളെ; പ്രൊഫൈല്‍ പിക്ചർ ക്യാമ്പയിന്‍ ഏറ്റെടുത്ത് നേതാക്കളും പ്രവർത്തകരും

Jaihind News Bureau
Tuesday, July 28, 2020

സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചകളില്‍ പ്രതിഷേധിച്ച് യുഡിവൈഎഫിന്‍റെ നേതൃത്വത്തില്‍ നാളെ  ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിക്കും.  ഒരുലക്ഷം യുവാക്കൾ സർക്കാരിലുള്ള അവിശ്വാസം സമൂഹമാധ്യമങ്ങളിലൂടെ രേഖപ്പെടുത്തും. ജനകീയ അവിശ്വാസത്തിന് പിന്തുണയർപ്പിക്കാന്‍  തുടക്കംകുറിച്ച പ്രൊഫൈല്‍ പിക്ചർ ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

സംസ്ഥാനത്തിന്‍റെ ഭരണസിരാ കേന്ദ്രത്തിലടക്കം അന്വേഷണം നീളുന്ന സ്വർണ്ണക്കടത്ത് കേസ്, പി.എസ്.സിയെ നോക്കുകുത്തിയാക്കിയുള്ള പിന്‍വാതില്‍ നിയമനങ്ങള്‍, പാലത്തായി പീഡനക്കേസ് അട്ടിമറിക്കാനുള്ള നീക്കം, കൊവിഡ് പ്രതിരോധത്തിലെ വീഴ്ച എന്നിങ്ങനെ ഒന്നൊന്നായി പ്രതിരോധത്തിലാകുകയാണ് സർക്കാർ. സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനും സ്പീക്കറെ നീക്കം ചെയ്യുന്നതിനും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ  കൊവിഡ് വ്യാപനത്തിന്‍റെ പേര് പറഞ്ഞ് സഭാ സമ്മേളനം മാറ്റിവയ്ക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അവിശ്വാസം രേഖപ്പെടുത്താനുള്ള ജനപ്രതിനിധികളുടെ അവകാശം അട്ടിമറിക്കാൻ സഭാ സമ്മേളനം മാറ്റിവെച്ചതിൽ പ്രതിഷേധിച്ചാണ്  യു.ഡി.വൈ.എഫ് ഇന്ന് ഓൺലൈനിൽ ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.

കൊവിഡ് വ്യാപനം ഭയന്നല്ല, മറിച്ച് ജനങ്ങളുടെ അവിശ്വാസം ചർച്ചയാകുന്നത് പേടിച്ചാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എം.എൽ.എ.യും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസും പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.