വിദ്യാർത്ഥി സമരത്തിന് യുഡിഎഫിന്‍റെ പൂർണ്ണ പിന്തുണ; കെഎസ്‌യു, എംഎസ്എഫ് നേതാക്കളുമായി കൂടിയാലോചന നടത്തി പ്രതിപക്ഷ നേതാവും ഉപനേതാവും

Jaihind Webdesk
Tuesday, June 25, 2024

 

തുരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയവുമായി നടത്തുന്ന വിദ്യാർത്ഥി സമരത്തിന് യുഡിഎഫിന്‍റെ പൂർണ്ണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും. വിദ്യാർത്ഥി നേതാക്കളുമായി നിയമസഭയിൽ ഇരുവരും ചേർന്ന് നടത്തിയ കൂടിയാലോചനയിലാണ് പിന്തുണ അറിയിച്ചത്.

കേരളത്തിലെ വിദ്യാർത്ഥി സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നം ഏറ്റെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികളെ പോലെ തന്നെ രക്ഷിതാക്കളും ഈ സമരത്തിൽ നമ്മളോടൊപ്പം ഉണ്ട്. കൃത്യമായി പരിഹാരം കാണുന്നതുവരെ സമരമുഖത്ത് കെഎസ്‌യുവിന്‍റെയും എംഎസ്എഫിന്‍റെയും നേതാക്കൾ ഉണ്ടാകണമെന്ന് നേതാക്കൾ പറഞ്ഞു. യുഡിഎഫിന്‍റെ ലോക്സഭാ വിജയത്തിൽ വിദ്യാർത്ഥി സംഘടനകൾ വഹിച്ച പങ്ക് എടുത്തു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രശംസിക്കുകയും ചെയ്തു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ കൂടിക്കാഴ്ചയുംകൂടിയാലോചനയിൽ ചർച്ചയായി. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, ഗോപു നെയ്യാർ, ആദേശ് സുധർമ്മൻ, എംഎസ്എഫ് നേതാക്കളായ അഷർ പെരുമുക്ക്, ഷറഫു പിലാക്കൽ, വി.എം. റഷാദ്, സെമീർ എടയൂർ, അഖിൽ ആനക്കയം എന്നിവർ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.