നികുതിക്കൊള്ളയ്‌ക്കെതിരെ യുഡിഎഫിന്‍റെ രാപകല്‍ സമരം ഇന്ന് തുടങ്ങും

Jaihind Webdesk
Monday, February 13, 2023

തിരുവനന്തപുരം: ഇന്ധന സെസ് ഉള്‍പ്പെടെ സര്‍ക്കാരിന്‍റെ  നികുതിക്കൊള്ളയ്‌ക്കെതിരെ യുഡിഎഫിന്‍റെ രാപകല്‍ സമരം ഇന്ന് തുടങ്ങും.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം സംഘടിപ്പിക്കുന്നത്. ഇന്നു വൈകുന്നേരം നാലുമണി മുതല്‍ നാളെ രാവിലെ പത്തു മണിവരെയാണ് സംസ്ഥാന വ്യാപകമായി യുഡിഎഫ് രാപകൽ സമരം സംഘടിപ്പിക്കുന്നത്. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപകല്‍ സമരം നടക്കുക.

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കോഴിക്കോട് സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും മലപ്പുറത്ത് പി.കെ കുഞ്ഞാലികുട്ടിയും തൃശൂരില്‍ രമേശ് ചെന്നിത്തലയും തൊടുപുഴയില്‍ പി.ജെ ജോസഫും കൊല്ലത്ത് എ.എ അസീസും പത്തനംതിട്ടയില്‍ അനൂപ് ജേക്കബും ആലപ്പുഴയില്‍ മോന്‍സ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളത്ത് സി.പി ജോണും പാലക്കാട് വി.കെ ശ്രീകണ്ഠനും കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനും സമരം ഉദ്ഘാടനം ചെയ്യും.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം നടക്കുന്നതിനാല്‍ വയനാട് ജില്ലയിലും മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂർ ജില്ലയിലും രാപകല്‍ സമരം മറ്റൊരു ദിവസം സംഘടിപ്പിക്കും. വിലക്കയറ്റത്തിലും കടക്കെണിയിലും പൊറുതിമുട്ടുന്ന ജനങ്ങളുടെ മേൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാരിന്‍റെ  ജനവിരുദ്ധ ബജറ്റിനെതിരെ വരും ദിവസങ്ങളിലും യുഡിഎഫ് സമരം ശക്തമാക്കും.