
താമരശ്ശേരി ചുരത്തിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ എംഎല്‍എമാരായ ടി. സിദ്ദിഖും ഐ.സി. ബാലകൃഷ്ണനും കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ രാപകല്‍ സമരം ആരംഭിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.എന്‍. കാരശ്ശേരി എംഎല്‍എമാരെ ഗാന്ധിത്തൊപ്പി അണിയിച്ചാണ് സമരം ഉദ്ഘാടനം ചെയ്തത്. നിയമസഭയിലും വിവിധ യോഗങ്ങളിലും ഈ വിഷയം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നില്ലെന്ന് ടി. സിദ്ദിഖ് ആരോപിച്ചു.
വാരാന്ത്യങ്ങളിലും തിരക്കേറിയ സമയങ്ങളിലും പ്രത്യേക ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കിയിട്ടില്ല. ഇതിനു പുറമെ ക്രെയിന്‍ സര്‍വീസും മൊബൈല്‍ മെക്കാനിക്കല്‍ യൂണിറ്റും സ്ഥാപിക്കുമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവും അധികൃതര്‍ അവഗണിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്‍ രണ്ടുതവണ ഇടപെട്ടിട്ടും തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് ആരുടെ താല്പര്യപ്രകാരമാണെന്ന് എംഎല്‍എ പത്രസമ്മേളനത്തില്‍ ചോദിച്ചു.
വയനാടിന്റെ സാമൂഹിക ജീവിതത്തെയും വികസനത്തെയും കുരുക്ക് ഗുരുതരമായി ബാധിച്ചിട്ടും കോഴിക്കോട്-വയനാട് ജില്ലാ ഭരണകൂടങ്ങള്‍ അലംഭാവം തുടരുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഓണത്തിന് മുന്‍പ് ഒന്‍പതാം വളവില്‍ തകര്‍ച്ചയുണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും കോഴിക്കോട് കലക്ടര്‍ക്ക് മൂന്ന് ദിവസത്തെ സാവകാശം വേണ്ടിവന്നത് ഭരണകൂടത്തിന്റെ നിസ്സംഗതയ്ക്ക് ഉദാഹരണമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. മന്ത്രിതലത്തിലുള്ള ഒരു യോഗം പോലും ഇതുവരെ ചേര്‍ന്നിട്ടില്ലെന്നത് വിഷയത്തിന്റെ ഗൗരവം സര്‍ക്കാര്‍ തിരിച്ചറിയുന്നില്ല എന്നതിന് തെളിവാണ്.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ച സമരത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ. ആര്‍സു, വിദ്യാ ബാലകൃഷ്ണന്‍ തുടങ്ങിയവരും വിവിധ യുഡിഎഫ് നേതാക്കളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. ഇന്നലെ ആരംഭിച്ച സമരം ഇന്ന് രാവിലെ 11 മണിയോടെ അവസാനിക്കും.