ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര പരിക്ക്

Jaihind Webdesk
Friday, November 11, 2022

മുതുകുളം നാലാംവാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രന്‍ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം. വലതുകാലിന്‍റെ എല്ലു പൊട്ടിയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇടതുകയ്യിലും സാരമായ പരുക്കുണ്ട്.
തിരഞ്ഞെടുപ്പു വിജയത്തില്‍ നന്ദിയറിയിക്കാന്‍ വീടുകള്‍ കയറിയിറങ്ങുകയായിരുന്നു ബൈജു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ബൈജുവിനെ ഇരുമ്പുപൈപ്പും വലിയ ചുറ്റികയും കൊണ്ട് ആക്രമിക്കുകയായിരുന്നു.
കമ്പിവടിയും മറ്റുമായി മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
മുതുകുളം നാലാം വാര്‍ഡിലെ ബിജെപി അംഗമായിരുന്ന ജി.എസ്.ബൈജു അംഗത്വം രാജിവച്ച് യുഡിഎഫ് പിന്തുണയോടെ വീണ്ടും മത്സരിക്കുകയായിരുന്നു. ഇന്നലെ ഫലം വന്നപ്പോള്‍ 103 വോട്ടിന് ബൈജു വിജയിക്കുകയും സിറ്റിങ് സീറ്റില്‍ ബിജെപി മൂന്നാം സ്ഥാനത്താകുകയും ചെയ്തു. യുഡിഎഫ് വിജയത്തില്‍ വിറളിപിടിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് മുതുകുളം സൗത്ത് മണ്ഡലം പ്രസിഡന്‍റ് ചിറ്റക്കാട്ട് രവീന്ദ്രന്‍ ആരോപിച്ചു.