തൃക്കാക്കരയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്, പ്രചാരണം ശക്തം; മൗനത്തിലായി എല്‍ഡിഎഫ് ക്യാമ്പ്

Jaihind Webdesk
Thursday, May 5, 2022

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ്. എതിരാളികളെ ചിത്രത്തിൽ നിന്നും വെട്ടി മാറ്റി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ പ്രചാരണം ആവേശകരമായി തുടരുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തന രംഗത്തുള്ളത്. വിജയം ഉറപ്പിച്ച തൃക്കാക്കരയിൽ ഭൂരിപക്ഷം എത്രയാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ എന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്.

പി.ടി തോമസിന്‍റെ ഓർമ്മകൾ തുളുമ്പുന്ന മണ്ഡലത്തിൽ യാതൊരു വെല്ലുവിളിയും ഇല്ല എന്ന വിശ്വാസം തന്നെയാണ് മുന്നണിയുടെ കരുത്ത്. എതിർ സ്ഥാനാർത്ഥി ആരായാലും ഉമാ തോമസിന്‍റെ വിജയത്തെ കുറിച്ച് യുഡിഎഫ് അണികൾക്ക് യാതൊരു സംശയവുമില്ല. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ പ്രചാരണം തൃക്കാക്കരയിലെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.  ഇന്ന് കടവന്ത്രയിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് ഉമാ തോമസ് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് എറണാകുളം ഡിസിസി ഓഫീസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപിയുമായും സ്ഥാനാർത്ഥി കൂടികാഴ്ച നടത്തി.

പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിൽ എതിരാളികളില്ലാതെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് മുന്നേറിയപ്പോള്‍ ഇടതുക്യാമ്പ് ആകെ മൗനത്തിലാണ്. വിജയം ഉറപ്പിച്ച് യുഡിഎഫ് മുന്നേറ്റം തുടരുമ്പോൾ തര്‍ക്കങ്ങളെ തുടർന്ന് സ്ഥാനാർത്ഥി  പ്രഖ്യാപനം ഏറെ വൈകിപ്പിച്ച  സിപിഎം നേതൃത്വത്തിന്‍റെ കഴിവുകേടില്‍ അണികൾ ആകെ അതൃപ്തിയിലാണ്. പ്രഖ്യാപനം വന്നപ്പോഴാകട്ടെ സ്ഥാനാർത്ഥിയായത്  സ്വകാര്യ ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ  ഒരു വ്യക്തിയും. നേരത്തെ കെ.എസ് അരുണ്‍കുമാറിനായി പ്രചാരണം ആരംഭിച്ച പ്രവര്‍ത്തകര്‍ പുതിയ സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ തൃപ്തരല്ലെന്നാണ് വിവരം. യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയായ തൃക്കാക്കരയിൽ വെന്നിക്കൊടി പാറിക്കാനുള്ള യുഡിഎഫ് തേരോട്ടത്തെ പ്രതിരോധിക്കാന്‍ നിലവിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പര്യാപ്തമല്ലെന്ന ബോധ്യമാണ് സിപിഎം അനുഭാവികളെ മൗനത്തിലാക്കുന്നത്.