തൃക്കാക്കരയെ ഇളക്കിമറിച്ച് യുഡിഎഫ് പ്രചാരണം; ആത്മവിശ്വാസത്തോടെ മുന്നേറി ഉമാ തോമസ്

Jaihind Webdesk
Friday, May 6, 2022

 

കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ പ്രചാരണം ആവേശപൂർവം ഏറ്റെടുത്ത് മണ്ഡലത്തിലെ വോട്ടർമാർ. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചാണ്  സ്ഥാനാർത്ഥിയുടെ പ്രചരണം മുന്നേറുന്നത്.

രാവിലെ പെരുന്നയിൽ എൻഎസ്എസ്ആസ്ഥാനത്ത് എത്തി അനുഗ്രഹം വാങ്ങിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഇന്നത്തെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മണ്ഡലത്തിൽ തിരിച്ചെത്തിയ സ്ഥാനാർത്ഥി പടമുകൾ ജുമാമസ്ജിദിൽ ജുംഅ നമസ്കാരത്തിനെത്തിയവരോട് വോട്ടഭ്യർത്ഥിച്ചു. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് ഉമാ തോമസ് മടങ്ങിയത്. സ്ഥാനാർത്ഥിയെ മസ്ജിദ് അങ്കണത്തിൽ കണ്ടതോടെ നമസ്കാരത്തിനെത്തിയവർ കുശലം പറയാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും സ്ഥാനാർത്ഥിക്കരികിലെത്തി. മികച്ച പ്രതികരണമാണ് മണ്ഡലത്തിലെ ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്നും രാഷ്ട്രീയം മറന്ന് തൃക്കാക്കരയിലെ വോട്ടർമാർ ഉമാ തോമസിനെ ഏറ്റെടുത്തെന്നും സ്ഥാനാർത്ഥിക്കൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രൻ പറഞ്ഞു.

പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും മുഴുവൻ സമയ നിരീക്ഷകരായി മണ്ഡലത്തിൽ തന്നെയുണ്ട്. യുഡിഎഫിന്‍റെ മണ്ഡലം തല കൺവൻഷനുകൾക്കും ഇന്ന് തുടക്കമായി. വരുംദിവസങ്ങളിൽ ദേശീയ സംസ്ഥാന നേതാക്കളും പ്രചാരണത്തിനായി മണ്ഡലത്തിലെത്തും. അതേസമയം ഇടതുസ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി ക്യാമ്പും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. ഇരു മുന്നണി സ്ഥാനാർത്ഥികളും പോർക്കളത്തിൽ ഇറങ്ങിയതോടെ കത്തുന്ന വേനൽ ചൂടിനെയും മറികടക്കുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയിരിക്കുകയാണ് തൃക്കാക്കര.