കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

 

തിരുവനന്തപുരം : യുഡിഎഫ് സംസ്ഥാനത്ത് 92 മുതല്‍ 101 സീറ്റ് വരെ  നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ (ഐ.ബി) റിപ്പോര്‍ട്ട്. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സര്‍ക്കാരിനെതിരായ നിശബ്ദ തരംഗം കേരളത്തിലുണ്ടെന്നും ഇത് നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് മുമ്പ് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്.

പിണറായി സര്‍ക്കാറിനെതിരായ വികാരം അടിത്തട്ടില്‍ ശക്തമാണെന്നും ഏഴ് മന്ത്രിമാര്‍ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, പിന്‍വാതില്‍ നിയമനവും ഉദ്യോഗാർഥികളുടെ സമരവും ശബരിമല വിശ്വാസികളുടെ വികാരവും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കാനുള്ള ശ്രമവും സര്‍ക്കാരിന് കനത്ത തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍.

2001ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് നൂറ് സീറ്റിന്‍റെ തിളക്കമാർന്ന വിജയം മുമ്പ് നേടിയിട്ടുള്ളത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ലോക്‌സഭാ മണ്ഡലത്തിലും യു.ഡി.എഫ് ആധിപത്യം നേടുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. ഫലം വന്നപ്പോള്‍ 19 സീറ്റില്‍ യു.ഡി.എഫ് വിജയിച്ചിരുന്നു. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐ.ബി മാർച്ച് ഏഴിന് മറ്റൊരു റിപ്പോർട്ടും സമർപ്പിച്ചിരുന്നു. സമാനമായ കണ്ടെത്തലാണ് പിണറായി സർക്കാരിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുമുള്ളത്. 75 മുതല്‍ 84 വരെ സീറ്റുകൾ യു.ഡി.എഫ് നേടുമെന്നാണ് സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ട്.

 

 

 

Comments (0)
Add Comment