‘ജനദ്രോഹ സര്‍ക്കാരിന് ജനം വോട്ട് കൊണ്ട് മറുപടി നല്‍കും’; ഉമാ തോമസിന്‍റെ സ്ഥാനാർത്ഥി പര്യടനം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു

കൊച്ചി : തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ സ്ഥാനാർത്ഥി പര്യടനം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നടപടികൾ സ്വീകരിക്കുന്ന പിണറായി സർക്കാരിന് ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയിരിക്കും ഫലമെന്ന് കെ സുധാകരൻ എംപി പറഞ്ഞു.

കെ റെയിൽ കുറ്റിയിടൽ സംസ്ഥാന സർക്കാർ അവസാനിപ്പിച്ചതിന് പുറകെ പ്രതീകാത്മക കുറ്റിയിൽ റീത്ത് സമർപ്പിച്ചു കൊണ്ടാണ് വാഹന പര്യടന ഉദ്ഘാടന വേദിയിലേക്ക് കെ സുധാകരൻ എം.പി പ്രവേശിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയിച്ചാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ പിണറായി വിജയനും സർക്കാരും തയാറാകുമോയെന്ന് കെ സുധാകരൻ എംപി ചോദിച്ചു. മുമ്പൊരിക്കലും ഒരു തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി ഇത്രത്തോളം സജീവമായിട്ടില്ല. പിണറായി വിജയൻ ഭയംകൊണ്ട് തൃക്കാക്കരയിലെ ബൂത്തുകൾ കയറിയിറങ്ങി നടക്കുകയാണ്. കൊവിഡ് ഉണ്ടായിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് തുടർഭരണം നടക്കുമായിരുന്നില്ലെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചാണ് ഇടതു സർക്കാർ വീണ്ടും അധികരത്തിലെത്തിയതെന്നും കെ സുധാകരൻ എംപി പറഞ്ഞു.

തൃക്കാക്കരയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും സഹതാപ തരംഗമല്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പറഞ്ഞു. ഈ സർക്കാരിന്‍റെ ദുഷ്പ്രവൃത്തികൾക്ക് തൃക്കാക്കരയിലെ ജനങ്ങൾ വോട്ടു കൊണ്ട് മറുപടി നൽകുമെന്നും ഉമ കൂട്ടിച്ചേർത്തു. എംപിമാർ, എംഎൽഎമാർ, വിവിധ ഘടകക്ഷി നേതാക്കന്മാർ തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/1322086768269493

Comments (0)
Add Comment