K Muraleedharan| തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം നേടും; സി.പി.എമ്മില്‍ കമ്യൂണിസമല്ല, ‘പിണറായിസമാണ്’: കെ. മുരളീധരന്‍

Jaihind News Bureau
Wednesday, October 15, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ മുരളീധരന്‍. സി.പി.എമ്മില്‍ കമ്മ്യൂണിസമല്ല, ‘പിണറായിസമാണ്’ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് സി.പി.എമ്മില്‍ സ്ഥാനമില്ലെന്നും, സി.പി.എമ്മില്‍ മൂല്യച്യുതിയാണ് നടക്കുന്നതെന്നും കെ. മുരളീധരന്‍ ആരോപിച്ചു.

ശബരിമലയിലെ സ്വര്‍ണ്ണ മോഷണ കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിച്ചാല്‍, വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീം എതിര്‍ റിപ്പോര്‍ട്ട് കൊടുത്താല്‍ പീഡിപ്പിക്കുമെന്നും, അതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ റിസ്‌ക് എടുക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി. നോട്ടീസ് അയച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇ.ഡി. നോട്ടീസും സുരേഷ് ഗോപിയുടെ വിജയവും ചേര്‍ത്തുവായിച്ചാല്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള നോട്ടീസാണ് ഇ.ഡിയുടെതെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയെ കേരളത്തിലെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് വിശ്വാസ സംരക്ഷണ യാത്രയാണ്. മറ്റൊന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റസമ്മതം നടത്തിയശേഷം സി.പി.എം. ലോക്കല്‍ സെക്രട്ടറി പ്രസ്താവനയുമായി രംഗത്ത് വരികയും, അതിനനുസരിച്ച് ലോക്കല്‍ പോലീസ് അന്വേഷണം നടത്തുകയുമാണ്. ഷാഫിയെ തല്ലിയത് മാര്‍ക്‌സിസ്റ്റ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥരായിരിക്കാം, അവരില്‍ ആര്‍.എസ്.എസ്. അനുഭാവികളും ഉണ്ടായേക്കാം എന്നും മുരളീധരന്‍ പറഞ്ഞു.

ആറന്മുളയില്‍ മന്ത്രി വാസവന് ദേവന് സദ്യ വിളമ്പുന്നതിന് മുമ്പ് സദ്യ നല്‍കിയത് ആചാര ലംഘനമാണ്. ദേവന്റെ സ്വത്ത് അപഹരിക്കുന്ന ഏര്‍പ്പാട് ആര് നടത്തിയാലും അനുവദിക്കില്ല. ദേവന്റെ കഴുത്തില്‍ നിന്നും കാലില്‍ നിന്നും ഊരിയെടുക്കുകയാണ് ചെയ്യുന്നതെന്നും ആചാരലംഘനം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.