
നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 ലധികം സീറ്റുകള്‍നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രടറി കെസി വേണുഗോപാല്‍ എംപി. സിപിഎമ്മും ബിജെപിയും തമ്മില്‍ തദ്ദേശതെരഞ്ഞെടുപ്പിലേതുപോലെ അവിശുദ്ധ ബന്ധം തുടരുകയാണ്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാകുമെന്ന് കരുതി പിണറായി വിജയന്‍ പനിക്കേണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വയനാട് നടക്കുന്ന ലക്ഷ്യ കെപിസിസി ദ്വിദിന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 100-ലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരും. മൂന്നാം പിണറായി ഭരണം എന്നത് ഇനി നടക്കാത്ത കാര്യമാണെന്നും കെ.സി വേണുഗോപാല്‍ പരിഹസിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉടന്‍ ആരംഭിക്കും. കഴിഞ്ഞ തവണ യുവാക്കള്‍ക്ക് നല്‍കിയ പ്രാധാന്യം ഗുണകരമായി. ഇത്തവണയും അത് തുടരും. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് ആരും പരസ്യമായി പ്രതികരിക്കരുതെന്നും കെ.സി വേണു നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പനിക്കേണ്ടതില്ലെന്നും, ഈ ക്യാമ്പ് പിരിയുന്നത് ഇതുവരെ കാണാത്ത ഐക്യത്തോടെയായിരിക്കുമെന്നും കെ.സി വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളത്. ബിജെപിയും സിപിഎമ്മും ഒരുമുന്നണിപോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ വോട്ട് വര്‍ധിപ്പിക്കാതെ വാര്‍ഡ് വിഭജിച്ച് ബിജെപിക്ക് കൂടുതല്‍ വാര്‍ഡ് നേടിക്കൊടുക്കാന്‍ മുഖ്യമന്ത്രി അവസരം നല്‍കി. ഈ അവിഹിത കൂട്ടുകെട്ട് ഇരു പാര്‍ട്ടികളിലെയും സാധാരണ അണികള്‍ പോലും അംഗീകരിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിനെതിരായ കുറ്റപത്രം മാത്രമല്ല, യുഡിഎഫിന്റെ വികസന നയരേഖ കൂടി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.