രാഷ്ട്രീയ ലാഭത്തിന് വർഗീയ പ്രചരണം നടത്തിയത് സിപിഎം; സംഘപരിവാറിനെ പോലും നാണിപ്പിച്ചു, നടപടി സ്വീകരിച്ചില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭം തുടങ്ങും

Jaihind Webdesk
Monday, June 17, 2024

 

തിരുവനന്തപുരം: സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാൻ വേണ്ടി നടത്തിയ വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ പ്രചരണത്തിന് പിന്നിൽ അറിയപ്പെടുന്ന സിപിഎം നേതാക്കൾ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹീനമായ വർഗീയ പ്രചരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണ്. പോലീസ് കർശന നടപടി എടുക്കുന്നില്ലെന്നിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വടകരയിലെ “കാഫിർ ” പ്രയോഗം സിപിഎം സൃഷ്ടി ആയിരുന്നു എന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണ് വടകരയിൽ ജയിക്കാൻ സിപിഎം പുറത്തെടുത്തത്. താത്ക്കാലിക ലാഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സിപിഎം നേതാക്കൾ പോലും മറന്നു. സിപിഎമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. സമൂഹത്തിൽ ഭിന്നിപ്പിന്‍റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാൻ ശ്രമിക്കുന്നത് അപകടകരമായ കളിയാണ്. അതുണ്ടാക്കുന്ന മുറിവുകൾ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ലെന്നും ഇനിയെങ്കിലും സിപിഎമ്മിന് തിരിച്ചറിവുണ്ടായാൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.