‘സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 4 യുഡിഎഫ് കരിദിനം ആചരിക്കും’: കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, December 31, 2022

 

കണ്ണൂര്‍: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ദിനം കോൺഗ്രസ്‌ കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സജി ചെറിയാനെതിരെ കൂടുതൽ നിയമ നടപടി കോൺഗ്രസ്‌ സ്വീകരിക്കും. സജി ചെറിയാൻ വിഷയം ഭരണഘടനാ ലംഘനമല്ലായെന്നത് സിപിഎം മാത്രം തീരുമാനിച്ചാൽ പോര. വ്യവസ്ഥാപിതമായ എല്ലാ സംവിധാനങ്ങളും തകർത്തു. തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലേ ഇത്രയും കാലം സജി ചെറിയാനെ മാറ്റി നിർത്തിയതെന്നും എന്ത് അന്വേഷണമാണ് ഇതിൽ നടന്നതെന്നും കെ സുധാകരൻ എംപി ചോദിച്ചു.  കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സജി ചെറിയാനെ തിരികെ കൊണ്ടുവരാന്‍ തീരുമാനമായത്. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി ഗവർണറെ അറിയിക്കും. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സജി ചെറിയാന്‍റെ മടങ്ങിവരവ് സ്ഥിരീകരിച്ചു. സജി ചെറിയാന്‍റെ കേസിൽ കോടതിയുടെ എല്ലാ തീരുമാനവും വന്നതാണെന്നും ഇനി ഒന്നും കൂടുതലായി വരാനില്ലെന്നും എം.വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.