തിരൂരങ്ങാടി: സ്ത്രീ സമൂഹത്തിന്റെ ശക്തമായ മുന്നേറ്റത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സെയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങള്‍. ജെബി മേത്തര്‍ എം.പി. നയിക്കുന്ന മഹിള സാഹസ് കേരള യാത്ര ആയിരം മണ്ഡലങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിയുക സ്ത്രീകള്‍ക്കാണ്. സ്വാതന്ത്ര്യസമരത്തിലും സ്ത്രീ പങ്കാളിത്തം ശ്രദ്ധേയമാണ്. സ്ത്രീ ശാക്തീകരണത്തോടൊപ്പം സാമൂഹ്യ മാറ്റം കൂടി ലക്ഷ്യം വച്ചാണ് ജെബി മേത്തറുടെ നേതൃത്വത്തില്‍ സാഹസ് യാത്ര നടക്കുന്നത്. ലഹരി വ്യാപനം തടയുന്നതിന് സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. ആയിരം മണ്ഡലം പിന്നിടുന്നതിന്റെ കേക്ക് തങ്ങള്‍ മുറിച്ചു. യാത്രയുടെ ഭാഗമായി ലഹരിക്കെതിരെ പോരാളികള്‍ അമ്മമാര്‍ എന്ന ബോധവല്‍കരണ പരിപാടിയുടെ പ്രതിജ്ഞ തങ്ങള്‍ ചൊല്ലി കൊടുത്തു.
ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി സെക്രട്ടറി അബ്ദുള്‍ മജീദ്, രമ്യ ഹരിദാസ് എക്‌സ് എം.പി, മഹിള കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ഫാത്തിമ റോഷ്‌ന, ജില്ലാ പ്രസിഡന്റ് പി.ഷഹര്‍ബാന്‍, സംസ്ഥാന ഭാരവാഹികളായ യു. വഹീദ, ആര്‍ ലക്ഷ്മി, വി.കെ.മിനിമോള്‍, എല്‍.അനിത, ജയലക്ഷ്മി ദത്തന്‍, അമിന മോള്‍, വനജ ടീച്ചര്‍, സന്ധ്യ കരണ്ടോട്, എന്നിവര്‍ പ്രസംഗിച്ചു.