ദുബായ്: നൂറില്‍ അധികം സീറ്റുകള്‍ നേടി യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫ്. ഒരു മഹാ യുദ്ധത്തിന് പുറപ്പെടുകയാണെന്നും ഈ യുദ്ധം ജയിച്ചേ മതിയാകൂവെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഎഇ ഇന്‍കാസ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ വെറും യു.ഡി.എഫ് അല്ലെന്നും ടീം യു.ഡി.എഫ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളല്ല പ്രധാനമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വലുതെന്നും കൂട്ടിച്ചേര്‍ത്തു.
നിലവിലെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാല്‍ മാത്രം പോരെന്നും, പുതിയ കേരളത്തിനായി വിദഗ്ദ്ധരും വിദ്യാഭ്യാസ പ്രമുഖരും ഉള്‍പ്പെടുന്ന സംഘം ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ജനുവരി മാസത്തില്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടാതെ എല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.