പ്രവര്‍ത്തരുടേയും അനുഭാവികളുടേയും ആരവങ്ങള്‍ക്കിടയില്‍ അഡ്വ. സണ്ണി ജോസഫ് കെ പിസിസി അദ്ധ്യക്ഷനായി ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തു നടന്ന ലളിതമായ ചടങ്ങില്‍ കെ സുധാകരനില്‍ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. കോണ്‍ഗ്രസ് ഒരു ടീം വര്‍ക്കാണ്. ചിട്ടയായ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. 2026ല്‍ യുഡിഎഫിനെ അധികാരം നേടിക്കൊടുക്കുക എന്നതാണ് ഇവരുടെ ഉത്തരവാദിത്തം. അതു നിറവേറ്റുമെന്ന് ഉറച്ച ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളും കണ്ണൂരിലെ ജനതയും വെറുത്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നത് . ദേശീയതലത്തിലും വലിയ ചോദ്യങ്ങള്‍ പ്രതിപക്ഷം ചോദിക്കുന്നുണ്ട്. സിംല കരാര്‍ ലംഘിക്കപ്പെട്ടോ എന്ന വലിയ ചോദ്യം ഉയരുകയാണ്. നമ്മുടെ വിദേശ നയത്തില്‍ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടോ . ഈ ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കണം. അതിനായി പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കണം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരൂ.
കേരളത്തിലിപ്പോഴുള്ളത് ജനങ്ങള്‍ വെറുക്കുന്ന ഒരു സര്‍ക്കാരാണ്. അതിനെ താഴെയിറക്കി ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു സര്‍ക്കാരിനെ യുഡിഎഫ് കൊണ്ടുവരും. അതിന് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുളള ടീമിന് കരുത്തുണ്ട്. അതിനായി എവിടെയൊക്കെ മാറ്റം വരുത്തണമോ അവിടെയൊക്കെ മാറ്റംവരുത്താന്‍ അദ്ദേഹത്തിന് എഐസിസി അനുവാദം നല്‍കിയിട്ടുണ്ട്. കേരളത്തിലെ പുതിയ ടീം എഐസിസി നേതൃത്യ മായി ചര്‍ച്ച നടത്തും. യുഡിഎഫ് 2026 ല്‍ സര്‍ക്കാര്‍ രൂപീകരിക്കും. അതിന് ആര്‍ക്കും സംശയം വേണ്ടെന്നു കെ സി വേണുഗോപാല്‍ പറഞ്ഞു.
ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയെ സന്ദര്‍ശിച്ചിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും ചുമതല ഏറ്റെടുക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും സ്ഥാനം ഏറ്റെടുക്കും.