കരുതല്‍ തടങ്കലിനെതിരെ കോടതിയെ സമീപിക്കും; പോലീസുകാർ നവകേരളസദസെന്ന അശ്ലീല നാടകത്തിന് കാവല്‍ നില്‍ക്കുന്നു, പ്രതികളെ പിടിക്കാന്‍ കഴിയുന്നില്ല: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, November 29, 2023

മലപ്പുറം: മുഖ്യമന്ത്രിയുടെ നവകേരളസദസുമായി ബന്ധപ്പെട്ടുള്ള കരുതൽ തടങ്കലിനെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് കരുതൽ തടങ്കല്‍. മുഖ്യമന്ത്രി ജില്ലയിലിറങ്ങിയതോടെ യുഡിഎഫുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായെന്നും വി.ഡി. സതീശൻ പറഞ്ഞു.

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ പ്രതികളെ പിടിക്കാനാകാതെ പോലീസ് നാണം കെട്ടു നിൽക്കുകയാണ്. പ്രതികളെ പിടിക്കാത്ത പോലീസിനെ മുഖ്യമന്ത്രി എന്തുകാര്യത്തിനാണ് അഭിനന്ദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നവകേരള സദസെന്ന അശ്ലീലനാടകത്തിന് കാവല്‍ നില്‍ക്കുകയാണ് പോലീസ്. ശബരിമല ഡ്യൂട്ടിക്ക് പോലും ആളില്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡ് പി.വി. അൻവർ ഉദ്ഘാടനം ചെയ്ത നടപടിയെ ന്യായീകരിച്ച മുഖ്യമന്തിയുടെ നടപടി വിലകുറഞ്ഞതായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പിഎംജിഎസ്‌വൈ  പദ്ധതി എംപിമാരാണ് ഉദ്‌ഘാടനം ചെയ്യേണ്ടത്. മുഖ്യമന്ത്രിക്ക് ഇത് അറിയില്ലെങ്കില്‍ സ്റ്റാഫിനോട് നോംസ് വായിച്ചു മനസിലാക്കാന്‍ പറയണമെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു.