
മലപ്പുറം ജില്ലയില്‍ യു.ഡി.എഫ്. മുന്‍കാലങ്ങളില്‍ കാണാത്ത ഐക്യത്തോടെ അങ്കത്തിനിറങ്ങിയിരിക്കുകയാണെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. പറഞ്ഞു. ഈ ഐക്യം തെരഞ്ഞെടുപ്പില്‍ വന്‍ വിജയമായി പ്രതിഫലിക്കും. 2010-ലേതിലും മികച്ച നേട്ടം ഇത്തവണ സംസ്ഥാനത്ത് യു.ഡി.എഫിനുണ്ടാകും. ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് എതിരായ ജനവികാരം വ്യക്തമായി തെരഞ്ഞെടുപ്പില്‍ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഐക്യത്തോടെ നടത്തുന്ന തിരഞ്ഞെടുപ്പ് തയ്യാറെടുപ്പാണിതെന്നും എ പി അനില്‍കുമാര്‍ പറഞ്ഞു. മലപ്പുറം പ്രസ്ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ഏറ്റവും ശക്തമായി നടക്കുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലാണ്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് യുഡിഎഫ് തയാറെടുത്തു കഴിഞ്ഞു. തിരുവനന്തപുരം കോര്പ്പറേഷന് ഉള്‍പ്പെടെ എല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞത് യുഡിഎഫിന്റെ ആത്മവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.