കേരളത്തില്‍ യുഡിഎഫ് തരംഗം; വർഗീയതയുടെയും ചേരിതിരിവിന്‍റെയും രാഷ്ട്രീയം പരീക്ഷിച്ച ബിജെപിക്കും സിപിഎമ്മിനുമുള്ള തിരിച്ചടി

Jaihind Webdesk
Tuesday, June 4, 2024

 

തിരുവനന്തപുരം: സിപിഎം കോട്ടകളെ ചീട്ടു കൊട്ടാരം പോലെ തകർത്തെറിഞ്ഞാണ് കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചത്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥികളിൽ ഭൂരിപക്ഷം പേരും വിജയക്കൊടി പാറിച്ചത് ഇടതു സർക്കാരിന് ശക്തമായ താക്കീതായി മാറി. ഇടതു സർക്കാരിന്‍റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള ശക്തമായ ജനകീയ പ്രതിഷേധമായി ജനവിധി മാറി. വർഗീയതയുടെയും ചേരിതിരിവിന്‍റെയും ഭിന്നിപ്പിന്‍റെയും രാഷ്ട്രീയം പരീക്ഷിച്ച
ബിജെപിയ്ക്കും സിപിഎമ്മിനും തിരിച്ചടി നൽകിയാണ് യുഡിഎഫ് തിളക്കമാർന്ന വിജയം നേടിയത്.

ലക്ഷങ്ങളുടെ ഭൂരിപക്ഷവുമായി വടക്കൻ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെയും ഇ.ടി. മുഹമ്മദ് ബഷീറിൻറെയും ഭൂരിപക്ഷം മൂന്നുലക്ഷം കടന്നു. എറണാകുളത്ത് ഹൈബി ഈഡനും പൊന്നാനിയിൽ അബ്ദുൽ സമദ് സമദാനിയും രണ്ടു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം നേടി സർവ്വാധിപത്യം തെളിയിച്ചു. കെപിസിസി അധ്യക്ഷൻ കെ. സുധാകരനും, ഷാഫി പറമ്പിലും, ഡീൻ കുര്യക്കോസും എം.കെ. രാഘവനും, എൻ.കെ. പ്രേമചന്ദ്രനും ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടിയാണ് വിജയഗാഥ രചിച്ചത്. കെ.സി. വേണുഗോപാലും, രാജ്മോഹൻ ഉണ്ണിത്താനും, ഫ്രാൻസിസ് ജോർജും,
ആന്‍റോ ആന്‍റണിയും, ബെന്നി ബഹനാനും വി.കെ. ശ്രീകണ്ഠനും അര ലക്ഷത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് യുഡിഎഫ് തേരോട്ടം നയിച്ചത്.

2014 ന്‍റെ തനി ആവർത്തനമായി മാറിയ തലസ്ഥാന മണ്ഡലത്തിലെ പോരാട്ടത്തിനൊടുവിൽ ഡോ. ശശി തരൂർ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് വിജയം കൈപ്പിടിയിലൊതുക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്‍റെ രണ്ടാമങ്കം വിജയിച്ച് മണ്ഡലം നിലനിർത്തി. തിളക്കമാർന്ന വിജയത്തിനിടയിൽ തൃശൂരും ആലത്തൂരും ഉണ്ടായ പരാജയം യുഡിഎഫും കോൺഗ്രസും ആഴത്തിൽ വിലയിരുത്തും.