സർക്കാരിനെ വിചാരണ ചെയ്ത് കുറ്റപത്രം സമർപ്പിക്കും; യുഡിഎഫ് വിചാരണ സദസ് ആറു ദിവസത്തേക്ക് കൂടി നീട്ടുമെന്ന് എം.എം. ഹസന്‍

Jaihind Webdesk
Tuesday, November 21, 2023

 

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിനും അഴിമതിക്കും അക്രമത്തിനും എതിരെ യുഡിഎഫ് നടത്തുന്ന വിചാരണ സദസ് ആറു ദിവസത്തേക്ക് കൂടി നീട്ടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. ഡിസംബര്‍ 2ന് ആരംഭിക്കുന്ന വിചാരണ സദസ് സര്‍ക്കാരിനെതിരെയുളള കുറ്റപത്രവുമായി സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍,പെന്‍ഷന്‍കാര്‍ മത്സ്യത്തൊഴിലാളികള്‍ തുടങ്ങി കഷ്ടത അനുഭവിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും അണിനിരത്തി സര്‍ക്കാരിനെ വിചാരണ ചെയ്ത് യുഡിഎഫ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. ആദ്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലത്തിലാണ് കുറ്റവിചാരണ സദസ് സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സ്ഥലങ്ങളില്‍ മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ നല്‍കി നവകേരള സദസ് ദുരുപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും എം.എം. ഹസന്‍ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് അടുത്ത മാസമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ഡിസംബർ 12-നും വോട്ടെണ്ണൽ 13-നുമാണ് നടക്കുന്നത്. ഇവിടങ്ങളില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.