നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തിരിച്ചു പിടിക്കാന്‍ യുഡിഎഫ്

Jaihind News Bureau
Tuesday, April 8, 2025

2016 ലും 2021 ലും യുഡിഎഫിനെ കൈവിട്ട മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. താഴെതട്ടില്‍ ബൂത്ത് തല യോഗങ്ങള്‍ പൂര്‍ത്തിയാക്കി. പരമാവധി പേരെ ചേര്‍ത്ത് പഴുതടച്ച് വോട്ടര്‍ പട്ടിക പുതുക്കലുമെല്ലാം പൂര്‍ത്തിയാക്കി, മുന്‍പില്ലാത്തവിധം യുഡിഎഫ് ക്യാമ്പ് തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. അതിനിടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നാളെ നിലമ്പൂരിലെത്തി അവസാനവട്ട വിലയിരുത്തല്‍ നടത്തും.

കഴിഞ്ഞ ഒന്‍പത് വര്‍ഷം നിലമ്പൂരിനെ പിന്നോട്ട് നയിച്ച 1ഉം 2 ഉം പിണറായി സര്‍ക്കാരുകള്‍ക്ക് എതിരെയായിരിക്കും UDF മുഖ്യമായും തിരഞ്ഞെടുപ്പ് പ്രചരണം നടത്തുക. 2016 ലും 2021 ല്‍ നേരിയ ഭൂരിപക്ഷത്തിലും കൈവിട്ട മണ്ഡലം ഉപതെരഞ്ഞെടുപ്പിലൂടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കാനാണ് UDF ഒരുങ്ങുന്നത്. പരമാവധി പേരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ UDF പൂര്‍ത്തിയാക്കിയെന്ന്’ മണ്ഡലത്തിന്റെ ഏകോപന ചുമതലയുള്ള കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം AP അനില്‍കുമാര്‍ MLA. എല്‍ഡിഎഫ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും അത് തങ്ങളെ ബാധിക്കുന്ന പ്രശ്നമില്ലെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

അതിനിടെ, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 263 പോളിങ് ബത്തുകളാണ് മണ്ഡലത്തിലുള്ളത്. ഓരോ ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നാളെ നിലമ്പൂരിലെത്തി അവസാനവട്ട വിലയിരുത്തല്‍ നടത്തും. വൈകാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.