ആശമാര്‍ക്ക് ആശ്വാസമാകാന്‍ യുഡിഎഫ്; പഞ്ചായത്ത് വഴി സ്വന്തം നിലയില്‍ ഓണറേറിയം വര്‍ധിപ്പിക്കാന്‍ നീക്കം

Jaihind News Bureau
Tuesday, March 25, 2025

യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വര്‍ധിപ്പിച്ച ഓണറേറിയം സ്വന്തം നിലയില്‍ ആശമാര്‍ക്ക് നല്‍കാന്‍ പ്രതിപക്ഷം. തനത് ഫണ്ടില്‍ തുക നല്‍കാനാണ് നീക്കം. അതിന്റെ നിയമവശം പരിശോധിച്ച് ഉടന്‍ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ആശമാര്‍ക്ക് ആശ്വാസം നല്‍കുന്ന നീക്കമാണ് പ്രതിപക്ഷത്തിന്റേത്.

യുഡിഎഫ് ഭരണമുള്ള തൃശൂര്‍ പഴയന്നൂര്‍, പത്തനംത്തിട്ട വെച്ചൂചിറ എന്നീ രണ്ട് പഞ്ചായത്തുകള്‍ അവരുടെ ബജറ്റില്‍ നിന്ന് തന്നെ ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. നിലവില്‍ ആശമാരുടെ ഓണറേറിയം 7000 രൂപയാണ്. അതില്‍ നിന്നും 2000 രൂപ കൂട്ടി 9000 ആക്കാനാണ് യുഡിഎഫ് നീക്കം. പഴയന്നൂരില്‍ 8 ലക്ഷം രൂപയും വെച്ചൂചിറയില്‍ 5 ലക്ഷം രൂപയും ഇതിനായി നീക്കി വച്ചിട്ടുണ്ട്. എന്നാല്‍ തനത് ഫണ്ടില്‍ നിന്നും തുക മാറ്റി വയ്ക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ മറ്റ് പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്ന് വിയോജിപ്പ് ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ഇതിന്റെ നിയമവശം നോക്കിയാകും മുന്നോട്ട് നീങ്ങുക.

ആശമാര്‍ 44 ദിനങ്ങളായി ഭരണ സിരാകേന്ദ്രത്തിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായ നിരാഹാര സമരത്തിലേക്ക് കടന്നിട്ട് ആറാം ദിനവുമായി. ഈ സാഹചര്യത്തിലാണ് യുഡിഎഫിന്റെ ആശ്വാസ നീക്കം.