മെയ്20 യുഡിഎഫ് കരിദിനം ആചരിക്കും; പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്‌ക്കരിക്കും: അടൂര്‍ പ്രകാശ്

Jaihind News Bureau
Friday, May 16, 2025

പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് . മെയ് ഇരുപതാം തീയതി കരിദിനമായി ആചരിച്ചു ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തും. മയക്കുമരുന്നില്‍ മുങ്ങിയ കേരളമാക്കി സംസ്ഥാനത്തെ മാറ്റി എന്നതാണ് പിണറായിയുടെ നേട്ടമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആരോപിച്ചു . ലഹരി മാഫിയക്ക് സിപിഎം നല്‍കുന്ന രാഷ്ട്രീയ രക്ഷാകര്‍തൃത്വം പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലഹരി മാഫിയയുടെ ഹബ്ബായി കേരളം മാറിയതായി അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലേക്ക് തള്ളിവിട്ട സര്‍ക്കാര്‍ എന്നാകും പിണറായി സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തുക. ഒമ്പതു വര്‍ഷം അധികാരത്തില്‍ ഇരുന്ന സര്‍ക്കാരിന് ചൂണ്ടിക്കാട്ടുവാന്‍ ഒരു വന്‍കിട പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന വര്‍ഗ്ഗങ്ങളെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചു. ക്ഷേമ പെന്‍ഷന്‍ വിതരണം പോലും താളം തെറ്റിച്ചു. ആരോഗ്യ മേഖലയാവട്ടെ പരിതാപകരമായ അവസ്ഥയിലാണ്. മലയോര മേഖലയിലെ ജനങ്ങള്‍ വന്യജീവി ആക്രമണ ഭീതിയില്‍ കഴിയുമ്പോള്‍ തീരദേശ മേഖല വറുതിയിലാണ്. ഈ അവസ്ഥയില്‍ വാര്‍ഷികാഘോഷം നടത്താന്‍ എന്ത് അവകാശമാണ് പിണറായിക്ക് ഉള്ളത്. യുഡിഎഫ് ഈ സര്‍ക്കാരിന്‍െ നാലാം വാര്‍ഷികം പൂര്‍ണമായും ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇരുപതാം തീയതി കരിദിനമായി ആചരിച്ചു ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തും

സിപിഎം അക്രമ രാഷ്ട്രീയം അഴിച്ചുവിടുകയാണ്. കണ്ണൂരില്‍ മലപ്പട്ടത്ത് ഗാന്ധി നിന്ദയും പരസ്യ ഭീഷണിയും നടത്തിയ സിപിഎം പ്രവര്‍ത്തകന്‍ ഗോപിനാഥിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ഭീഷണിയ്ക്ക് മുന്നിലും യുഡിഎഫ് തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണം കൂട്ടായി ആലോചിച്ചു തീരുമാനിക്കുമെന്നും പിവി അന്‍വറുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.

കള്ളവോട്ട് വിവാദം

ജി. സുധാകരന്‍ സത്യസന്ധന്‍ ആയതിനാലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേരളത്തില്‍ പല മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ വലിയ ക്രമക്കേടാണ് സിപിഎം കാണിച്ചിട്ടുള്ളത്. അതൊക്കെ പുറത്തുകൊണ്ടുവരും. സുധാകരന്റെ നിഷ്‌കളങ്കത കൊണ്ടാകും ഇത് വെളിപ്പെടുത്തിയത്. ജനാധിപത്യ വ്യവസ്ഥതയില്‍ ചെയ്യുവാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സിപിഎം ചെയ്തത് എന്ന് എല്ലാവര്‍ക്കും വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.