ബാർ കോഴ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എം.എം. ഹസന്‍: പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്; ജൂണ്‍ 12 ന് നിയമഭാ മാർച്ച്

Jaihind Webdesk
Saturday, June 1, 2024

 

തിരുവനന്തപുരം: ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിന് യുഡിഎഫ്. പന്ത്രണ്ടാം തീയതി നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം. ഹസൻ. മുഖ്യമന്ത്രിയുടെ അറിവോടെ എക്സൈസ്-ടൂറിസം വകുപ്പ് മന്ത്രിമാർ നടത്തിയ ഇടപാടാണ് ബാർ കോഴയെന്നും യുഡിഎഫ് കണ്‍വീനർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എക്സൈസ്, ടൂറിസം മന്ത്രിമാരുടെ അറിവോടെയാണ് ബാർ ഉടമകൾ കോഴ നൽകാൻ പണപ്പിരിവ് നടത്തിയത്. എത്ര കോടി പിരിച്ചു? സിപിഎമ്മിന് എത്ര കിട്ടി? അതെല്ലാം അന്വേഷിക്കണം. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്‍റെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല മാർക്സിസ്റ്റ് പാർട്ടിക്ക് അവരുടെ വരുമാനം വർധിപ്പിക്കാൻ കൂടി വേണ്ടിയാണെന്നും എം.എം. ഹസൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ബാർ ഉടമകൾക്ക് മദ്യനയ മാറ്റം സംബന്ധിച്ച ഒരു ഉറപ്പും ആരും നൽകില്ലെന്നും എം.എം. ഹസന്‍ പറഞ്ഞു.

എക്സൈസ് വകുപ്പ് മന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം നിലച്ചിരിക്കുകയാണെന്ന് എം.എം. ഹസൻ കുറ്റപ്പെടുത്തി. പോലീസ് അന്വേഷണം നടത്തിയാൽ കോഴ ഇടപാട് തെളിയില്ല, ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. ഇപ്പോൾ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ല. എക്സൈസ് മന്ത്രി എഴുതിക്കൊടുത്തത് വെച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയാണ്. ശബ്ദസന്ദേശം പുറത്തുവന്നതിലെ ഗൂഢാലോചനയിൽ അന്വേഷണം തുടരുമെന്ന് പറയുന്ന ക്രൈം ബ്രാഞ്ച് ബാർ അസോസിയേഷൻ ഭാരവാഹികളുടേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷണം നടത്തുന്നില്ല.

മദ്യനയത്തിൽ മാറ്റം വരുമെന്നത് എക്സൈസ്, ടൂറിസം മന്ത്രിമാർ ബാർ ഉടമകൾക്ക് ഉറപ്പുനൽകി. അതിന്‍റെ അടിസ്ഥാനത്തിലാണ് ബാർ ഉടമകൾ പണപ്പിരിവ് നടത്തിയത്. ഡ്രൈ ഡേ, ബാറുകളുടെ പ്രവർത്തന സമയക്രമം ദീർപ്പിക്കൽ എന്നിവ വേണമെന്ന് ആവശ്യം മുന്നോട്ടുവെച്ചത് ടൂറിസം വകുപ്പാണ്. ടൂറിസം വകുപ്പ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെക്കുമ്പോൾ ആരുടെയൊക്കെ സമ്മതം അതിന് പിന്നിൽ ഉണ്ടെന്ന് ഊഹിക്കാവുന്നതാണ്. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും എം.എം. ഹസന്‍ വ്യക്തമാക്കി.