യുഡിഎഫ് രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാളെ ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. അതോടൊപ്പം യുഡിഎഫ് നിയമിച്ച ഹെല്‍ത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് ഓഗസ്റ്റ് 22 ന് നടക്കുമെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ ഗവര്‍ണര്‍ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇരയാകുന്നുവെന്നും ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന വിവിധ വിഷയങ്ങളും അത് പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പും മന്ത്രിയും പറഞ്ഞ വാക്കിന് വിലയില്ലാത്ത നിലപാടാണെടുക്കുന്നത്. ഡോക്ടര്‍ ഹാരിസിനെ കുറ്റക്കാരനാക്കാനുള്ള ശ്രമം നടക്കുന്നതു. സര്‍ക്കാരിന്റെ നിലപാടില്ലായ്മയാണ് ഇതിലൂടെ പുറത്തുവരുന്നത്. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഒരു ഡോക്ടറെ ക്രൂശിക്കുവാനുള്ള ശ്രമം നടക്കുന്നുവെന്നും ഡോക്ടറെ ബലിയാടാക്കുകയും വേട്ടയാടുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ഇത് സ്റ്റാലിന്റെ റഷ്യ അല്ലെന്നും ജനാധിപത്യ കേരളമാണെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്റ്റോറില്‍ നിന്ന് ഉപകരണം പോയതിന് ഡോക്ടര്‍ എങ്ങനെ കുറ്റക്കാരന്‍ ആകുമെന്ന് ചോദിച്ച അദ്ദേഹം ശസ്ത്രക്രിയക്കുള്ള നൂലും സൂചിയും പോലും ആശുപത്രികളില്‍ ഇല്ലെന്നും രോഗികള്‍ തന്നെ ഇവയെല്ലാം വാങ്ങേണ്ട അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ ആയിരുന്നു കേക്കും കിരീടവുമായി എത്തിയത്. കേരളത്തിലെ ബിഷപ്പ്മാര്‍ക്ക് കാര്യങ്ങളൊക്കെ ഇപ്പോള്‍ ബോധ്യമായെന്നും വി.ഡി സതീശന്‍ പറഞ്ഞു.