ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ യുഡിഎഫ് സംഘം; നാളെ പമ്പ സന്ദർശിക്കും

Jaihind Webdesk
Monday, December 11, 2023

 

തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാനായി യുഡിഎഫ് സംഘം നാളെ പമ്പ സന്ദർശിക്കും. തുടർന്ന് ഭക്തർക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെ സംബന്ധിച്ച് ദേവസ്വം ബോർഡുമായും പോലീസുമായും ചർച്ച നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയും മോൻസ് ജോസഫിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിലെ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി പമ്പയിലേക്ക് പോകുന്നത്.

ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരന്തരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്ന പതിവുണ്ടായിരുന്നു. എന്നാൽ നിലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളസദസിന് പിന്നാലെയാണ്.

ശബരിമലയിലുള്ള തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പോലീസുകാരെ നിയോഗിച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. പരാതി പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയും സ്ഥലത്തില്ല. അടിയന്തരമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് അയച്ച് അവലോകന യോഗങ്ങള്‍ ചേര്‍ന്ന് സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറാകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.