പ്രചാരണത്തില്‍ ബഹുദൂരം മുന്നേറി യുഡിഎഫ്; ഇടതുമുന്നണിയില്‍ എങ്ങുമെത്താതെ സ്ഥാനാർത്ഥി ചർച്ച; സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി

Thursday, May 5, 2022

കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതില്‍ സിപിഎം പ്രവര്‍ത്തകർക്കിടയില്‍ അതൃപ്തി. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും ഇടതുമുന്നണി സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകള്‍ എങ്ങുമെത്തിയില്ല. വിഷയത്തില്‍ നേതാക്കളുടെ നിരുത്തരവാദപരമായ പ്രതികരണത്തിലും ഒരു വിഭാഗത്തിന് അമർഷമുണ്ട്.

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാർത്ഥിയെന്ന നിലയില്‍ ഉയർന്നുവന്ന ഒരു പേര് അണികള്‍ ഏറ്റെടുത്ത് ചുവരെഴുത്തും ആരംഭിച്ചപ്പോഴാണ് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്. ഇടതുമുന്നണി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമായിരുന്നു ഇ.പി ജയരാജനും മന്ത്രി പി രാജീവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ സൈബര്‍ സഖാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും കെ.എസ് അരുണ്‍കുമാറിന് വേണ്ടി ഫേസ്ബുക്ക് പോസ്റ്റുകളും ചുവരെഴുത്തും നടത്തിയതോടെ മാധ്യമസൃഷ്ടിയല്ല, ഇടതുമുന്നണിയിലെ തന്നെ കുഴപ്പങ്ങളാണ് കാരണം എന്നത് വ്യക്തമായി.

ഇപ്പോഴും ഇടതുമുന്നണി സ്ഥാനാർത്ഥി ആരെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. ചുവരെഴുത്ത് മായ്ക്കണമോ എന്നത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അറിയാമെന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്. സ്ഥാനാർത്ഥി ആരായാലും ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ ഇടതുമുന്നണിക്ക് ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണെന്നതില്‍ സംശയമില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം  യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും പ്രചാരണം ആരംഭിച്ചതും ഇടതുമുന്നണിയെ കുഴക്കുന്നുണ്ട്. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്.