യു.ഡി.എഫ് വിപുലീകരിക്കണം; എല്‍.ഡി.എഫിലെ അസംതൃപ്തര്‍ മുന്നണിയിലെത്തും: മുസ്ലീം ലീഗ്

Jaihind News Bureau
Monday, December 15, 2025

മലപ്പുറം: ആശയപരമായി യോജിക്കുന്നവരെ ഉള്‍പ്പെടുത്തി യു.ഡി.എഫ് വിപുലീകരിക്കണമെന്നും മുന്നണിയുടെ അടിത്തറ വര്‍ദ്ധിപ്പിക്കണമെന്നും മുസ്ലീം ലീഗ് നേതൃത്വം. നിലവില്‍ എല്‍.ഡി.എഫില്‍ വലിയ അസംതൃപ്തി പുകയുന്നുണ്ടെന്നും അവിടെ നിന്നുള്ളവര്‍ യു.ഡി.എഫിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെന്ന് നേതാക്കള്‍ വിലയിരുത്തി. ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയാണ്. വെറും ഭരണവിരുദ്ധ വികാരം മാത്രമല്ല, കൃത്യമായ പൊളിറ്റിക്കല്‍ വോട്ടുകളും ഇത്തവണ ലഭിച്ചു. പുതിയ തലമുറയും സ്ത്രീകളും വലിയ തോതില്‍ യു.ഡി.എഫിന് വോട്ട് ചെയ്‌തെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വര്‍ഗ്ഗീയ കാര്‍ഡ് കളി അവസാനിപ്പിക്കണം

മുഖ്യമന്ത്രിയും എല്‍.ഡി.എഫും രാഷ്ട്രീയ ലാഭത്തിനായി കാര്‍ഡ് മാറി കളിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷക്കാര്‍ഡ് ഇറക്കിയ സി.പി.എം, തദ്ദേശഭരണ തെരഞ്ഞെടുപ്പായപ്പോള്‍ ഭൂരിപക്ഷ കാര്‍ഡാണ് ഇറക്കിയത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം കാര്‍ഡ് കളി അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുന്നതിനോട് ലീഗിന് യോജിപ്പില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിലേക്ക് വരണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ അവരുടെതായ കാരണങ്ങളാലാണ് യു.ഡി.എഫിന് വോട്ട് ചെയ്തതെന്നും മുസ്്‌ലിം ലീഗ് വിലയിരുത്തുന്നു.

സംസ്ഥാനത്ത് ബി.ജെ.പിക്ക് എടുത്തു പറയത്തക്ക മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും മുസ്‌ളിം ലീഗ് പറയുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവര്‍ക്ക് സീറ്റുകള്‍ ലഭിച്ചത് എല്‍.ഡി.എഫ് ഭരണം അത്രമേല്‍ മോശമായതിനാലാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു