മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് വത്സമ്മ സെബാസ്റ്റ്യന്റെ ജയം. പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചുങ്കത്തറയില്‍ ഇടതുമുന്നണി കുഴിച്ച് മുടിയ ജനാധിപത്യം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞു എന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പ്രതികരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനവും പഞ്ചായത്ത് അംഗത്വവും തൃണമൂല്‍ കോണ്‍ഗ്രസിലെ നുസൈബ സുധീര്‍ രാജിവച്ചിരുന്നു. സി.പി.എം സ്വതന്ത്രയായിരുന്ന നുസൈബ സുധീര്‍ അവിശ്വാസ പ്രമേയത്തില്‍ യു.ഡി.എഫിനെ അനുകൂലിച്ച് വോട്ട്‌ചെയ്തതാണ് നിര്‍ണായകമായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നും ആഹ്ലാദ പ്രകടനം നടത്തി.
മൂന്നാഴ്ച മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെ എല്‍ ഡി എഫിന് ഭരണം നഷ്ടമായിരുന്നു. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് സിപിഎം ഭീഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിക്കപ്പെട്ടു.