തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വമ്പന്‍ ജയം. എല്‍ഡിഎഫിന് കനത്ത തിരിച്ചടി. തൃശൂര്‍ നാട്ടിക, പാലക്കാട് തച്ചംപാറ, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 28 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ച പത്തനംതിട്ട നിരണം ഏഴാം വാര്‍ഡും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് യുഡിഎഫില്‍ നിന്നും വന്‍ തിരിച്ചടിയാണ് ഉണ്ടായത്.
ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ പന്നൂർ വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. 127 വോട്ടുകൾക്കാണ് യുഡിഎഫിലെ ദിലീപ് കുമാർ വാർഡ് പിടിച്ചെടുത്തത്. യുഡിഎഫിലെ ഒരംഗം കൂറുമാറിയതിനെ തുടർന്നാണിവിടെ ഭരണം നഷ്ടമായത്. പാലക്കാട് തച്ചമ്പാറയിൽ ഏഴ്-ഏഴ് എന്ന നിലയിലാണ് യുഡിഎഫും, എൽഡിഎഫും നിലനിന്നത്. എന്നാലിപ്പോള്‍ എൽഡിഎഫിനെ നിഷ്പ്രയാസം മറികടന്ന് യുഡിഎഫിന് എട്ട് സീറ്റായി മാറി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സാന്ദ്രമോൾ ജിന്നി ഭൂരിപക്ഷം 745 വോട്ടൊടെ വിജയിച്ചു. ഇടുക്കിയിൽ കരിമണ്ണൂർ പഞ്ചായത്തിലും ‘ കഞ്ഞിക്കുഴിയിലും UDF മികച്ച വിജയം കൈവരിച്ചു.
പാലക്കാട് ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞെടുപ്പിൽ സി.പി.എമ്മിൽ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഉൾപ്പെടെ യു.ഡി.എഫിന് നേട്ടം. തച്ചമ്പാറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടും. പതിനഞ്ചംഗ ഭരണസമിതിയിൽ സി.പി.ഐയുടെ സിറ്റിങ് സീറ്റ് കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. ഇതോടെ യുഡിഎഫ് അംഗബലം എട്ടായി. ചാലിശ്ശേരി പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴുവീതം അംഗങ്ങളുടെ പിന്തുണയായിരുന്നു. ഒൻപതാം വാർഡിൽ കെ.സുജിത 104 വോട്ടുകൾക്ക് വിജയിച്ചതോടെ ടോസിലൂടെ യുഡിഎഫിന് ലഭിച്ച പഞ്ചായത്ത് ഭരണം സുരക്ഷിതമായി തുടരാനാവും.
കൊല്ലം ജില്ലയിൽ ഇടതുമുന്നണിയിൽ നിന്ന് രണ്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 43 വോട്ടിന് ഇവിടെ UDF ലെ അഡ്വ. ഉഷാ ബോസ് വിജയിച്ചു . കഴിഞ്ഞ തവണ 18 വോട്ടിന് എൽഡിഎഫ് വിജയിച്ച സീറ്റാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചുപിടിച്ചത്.
തേവലക്കര പഞ്ചായത്ത് പാലക്കൽ വടക്ക് 22ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി ബിസ്മി അനസ് ഇവിടെ വിജയിച്ചു. 148 വോട്ടിനാണ്എൽഡിഎ ഫ് സ്ഥാനാർത്ഥിയെ ബിസ്മി അനസ് പരാജയപ്പെടുത്തിയത്.
മലപ്പുറം തൃക്കലങ്ങോട് മരത്താണി വാർഡ് സിപിഎമ്മിൽ നിന്ന് മുസ്ലീം ലീഗ് തിരിച്ചുപിടിച്ചു. 519 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലൈല ജലീലാണ് വിജയിച്ചത്. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്.
കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. 234 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചത്.
ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപക്ക് എരുവ വിജയിച്ചു.