പ്രതിഷേധം കൊടുമുടിയില്‍: വയനാട്ടില്‍ വമ്പന്‍ റാലിയുമായി യുഡിഎഫ്; അണിനിരന്ന് ആയിരങ്ങള്‍ | VIDEO

Jaihind Webdesk
Saturday, June 25, 2022

കൽപ്പറ്റ: എസ്എഫ്ഐ ക്രിമിനലുകള്‍ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർക്കുകയും സ്റ്റാഫിനെ മർദ്ദിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ വമ്പന്‍ പ്രകടനവുമായി യുഡിഎഫ്.  രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച ആയിരങ്ങള്‍ അണിനിരന്ന റാലിയില്‍ സിപിഎം നേതൃത്വത്തിനും എസ്എഫ്ഐയുടെ നീചമായ പ്രവൃത്തിക്കുമെതിരെ പ്രതിഷേധം ഇരമ്പി.

കൽപ്പറ്റയിൽ വെച്ച് നടന്ന പൊതുയോഗത്തിൽ യുഡിഎഫ് നേതാക്കൾ എസ്എഫ്ഐ അഴിഞ്ഞാട്ടത്തിനെതിരെ ആഞ്ഞടിച്ചു. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് എസ്എഫ്ഐ അക്രമം നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. മണിക്കൂറോളം എസ്എഫ്ഐ താണ്ഡവം നടത്തിയിട്ടും പോലീസ് നോക്കി നിന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിയെ സുഖിപ്പിക്കുന്ന ക്വട്ടേഷൻ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എഫ്ഐക്ക് നൽകിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു. തള്ളിപ്പറഞ്ഞാൽ പോര, കുറ്റക്കാരായ എസ്എഫ്ഐക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി അറിഞ്ഞുനടത്തിയ അക്രമമാണിതെന്ന് കെ മുരളീധരന്‍ എംപി ചൂണ്ടിക്കാട്ടി. മോദിക്കെതിരായ പ്രതിപക്ഷ നിരയുടെ കടയ്ക്കലാണ് സിപിഎം കത്തി വെച്ചിരിക്കുന്നത്.  ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാരാണ്  പ്രതിക്കൂട്ടിലുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്ഐ എന്തായാലും ബിരിയാണി ചെമ്പ് വെച്ചില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.

കള്ളക്കടത്തുകാരൻ മുഖ്യമന്ത്രിയായാൽ പോലീസ് ഗുണ്ടകളാവുമെന്ന് കെ.എം ഷാജി കടുപ്പിച്ചു. ആർഎസ്എസ് ആസൂത്രണം ചെയ്ത ക്വട്ടേഷനാണ് എസ്എഫ്ഐ കൽപ്പറ്റയിൽ നടപ്പാക്കിയത്. കേരളത്തിൽ ആർഎസ്എസിന്‍റെ ക്വട്ടേഷൻ പണി സിപിഎം ഏറ്റെടുത്തുവെന്നും കെ.എം ഷാജി തുറന്നടിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, എംപിമാരായ കെ മുരളീധരൻ, കൊടിക്കുന്നില്‍ സുരേഷ്, ടി.എൻ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്‍റോ ആന്‍റണി, രമ്യാ ഹരിദാസ്, ടി സിദ്ദിഖ് എംഎൽഎ, വി.ടി ബൽറാം തുടങ്ങി നിരവധി നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

 

https://www.facebook.com/JaihindNewsChannel/videos/727631541897475