മുഖ്യമന്ത്രിയുടെ രാജി; സംസ്ഥാനത്ത് ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം| VIDEO

Jaihind News Bureau
Tuesday, July 14, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും കോണ്‍ഗ്രസ്പ്രതിഷേധം. കോണ്‍ഗ്രസ് പ്രതിഷേധ ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിന്‍കരയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു.

കോഴിക്കോട് ഡിസിസി യുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ധിഖ് ഉദ്ഘടനം ചെയ്തു. സ്വപ്ന സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ ഐ.ടി വകുപ്പ് ഇപ്പോൾ പരാതി കൊടുത്തത് എൻഐഎ അന്വേഷണത്തെ ഭയന്നിട്ടാണെന്ന്  സിദ്ധിഖ് ആരോപിച്ചു.

എറണാകുളം ഡിസിസി യുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ്ണ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ധാർമ്മികതയുടെ കണിക ലവലേശം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യദ്രോഹ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട സഹായം നൽകിയെന്നും ഇതിന് ഒത്താശ ചെയ്ത മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ്ണ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി ,കെപിസിസി ജനറൽ സെക്രട്ടറി സജീവ് മാറോളി, സുമ ബാലകൃഷ്ണൻ, സജിവ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

പാലക്കാട്‌ കലക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസ് അതിക്രമം. ജയ്‌ഹിന്ദ്‌ ടി. വി പാലക്കാട്‌ റിപ്പോർട്ടറെ ഉൾപ്പെടെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പിരിഞ്ഞു പോയ പ്രവർത്തകരെ പൊലീസ് പിന്തുടർന്ന്  മർദിച്ചു. കളക്ടറേറ്റിലേക്ക് ചാടി കടന്ന പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

മലപ്പുറം കളക്ടറേറ്റിലേക്ക് നടന്ന മാർച്ച്‌ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് അഡ്വ വിവി പ്രകാശ് നേതൃത്വം നൽകി. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഷാനിമോൾ ഉസ്മാൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് എം.ലിജു നേതൃത്വം നൽകി.

https://www.facebook.com/JaihindNewsChannel/videos/615050309392189