സ്വർണ്ണക്കടത്തില്‍ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; എന്‍ഐഎയ്ക്കൊപ്പം സിബിഐയും റോയും കേസ് അന്വേഷിക്കണമെന്നും ആവശ്യം| VIDEO

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ കെപിസിസി  രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ തീരുമാനം. എന്‍ഐഎയ്ക്കൊപ്പം സിബിഐയും റോയും കേസ് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംയുക്ത അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പഴുതടച്ച അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കള്ളക്കടത്ത് കേസാണിതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കേസ്. അധാർമികതയിലൂടെ കെട്ടിപ്പൊക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്.കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ  പങ്ക് രാജ്യവ്യാപകമായി ചർച്ച ചെയ്യുകയാണ്.എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ സൂക്ഷിപ്പുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് കേസിൽ നിന്ന് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെയും സ്വപ്നയേയും സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. മുഴുവൻ കൊള്ളകൾക്കും കൂട്ടുനിൽക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഐ.ടി സെക്രട്ടറി പിൻവാതിൽ നിയമനങ്ങൾ നടത്തിയിരുന്നു. ഐടി വകുപ്പിന് കീഴിൽ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റി. സി.ഡിറ്റ് വഴിയാണ് ഇവർക്ക് ശമ്പളം നൽകുന്നത്. ഈ നടപടികള്‍ക്കെല്ലാം മുഖ്യമന്ത്രി കുടപിടിക്കുന്നു. ശിവശങ്കർ ചെയ്തിട്ടുള്ളതെല്ലാം നിയമവിരുദ്ധമാണ്. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്ത് പൊലീസ് അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

https://www.facebook.com/JaihindNewsChannel/videos/283327492887716

 

 

 

Comments (0)
Add Comment