നിയമ ലംഘനം നടത്തി വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദ് ചെയ്യുന്നതിനായ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുക, ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ നടത്തും. 10 മണി മുതൽ 4 മണി വരെയാണ് ധർണ.
കസ്തൂരി രംഗൻ, പട്ടയപ്രശ്നം, കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ച തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഇടുക്കിയിലെ ജനങ്ങൾക്ക് മേൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടി തീയായി രണ്ട് ഉത്തരവുകളാണ് ഇറങ്ങിയത്. ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ അനധികൃത നിർമാണങ്ങൾ സംബന്ധിച്ചുള്ള ഓഗസ്റ്റ് 22 ലെ ഉത്തരവും പട്ടയം അനുവദിച്ചുള്ള ഭൂമിയിൽ വാണിജ്യ നിർമാണ പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസറുടെ അനുമതി വേണമെന്നതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
അഴിമതിക്കുള്ള പുതിയ വാതിലാണ് സർക്കാർ ഉത്തരവ് എന്ന ആക്ഷേപവും ശക്തമാണ്. ഇടുക്കിയോടുള്ള സംസ്ഥാന സർക്കാരിന്റെ വിമുഖതയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ജനകീയ ധർണ നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യുന്ന ധർണയിൽ യുഡിഎഫ് പങ്കെടുക്കും. സമാപന സമ്മേളനം പി.ജെ ജോസഫ് ഉത്ഘാടനം ചെയ്യും. ഇടുക്കിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതികൾ ഒന്നും തന്നെ തയാറാക്കിയിട്ടില്ല. കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് മുമ്പായി, അയ്യായിരം കോടി രൂപ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം കടലാസിലൊതുങ്ങുകയായിരുന്നു.