മാധ്യമമാരണ നിയമം പിന്‍വലിക്കണം ; 25 ന് യുഡിഎഫ് പ്രതിഷേധം

Jaihind News Bureau
Monday, November 23, 2020

 

തിരുവനന്തപുരം:  പൊലീസ് ആക്ട് ഭേദഗതി ചെയ്ത് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് മാധ്യമ സ്വാതന്ത്ര്യത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതാണെന്ന ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരു പോലെ ആവശ്യപ്പെട്ടത് ഈ കരിനിയമം പിന്‍വലിക്കണമെന്നാണ്. നിയമം ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമ ലംഘനമാണ്. സിപിഎം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ തടിതപ്പാനുള്ള ശ്രമമാണിത്.

ഭരണഘടനയുടെ 213(2) അനുസരിച്ച് ഈ ഓര്‍ഡിനന്‍സ് റിപ്പീല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഈ മാധ്യമ മാരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നംവബംര്‍ 25ന് രാവിലെ 10 മുതല്‍ 11 വരെ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും യുഡിഎഫിന്‍റെ  നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു.