സമരങ്ങള്‍ക്കെതിരായ പൊലീസ് നരനായാട്ട് : ഡല്‍ഹിയില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം

Jaihind News Bureau
Sunday, September 20, 2020

ന്യൂഡല്‍ഹി : സംസ്ഥാന സർക്കാരിനെതിരെ കേരളത്തിൽ സമരം നടത്തിയ യുവാക്കളെയും വിദ്യാർത്ഥികളെയും മർദ്ദിച്ച പൊലീസ് നടപടിയിൽ ഡൽഹിയിലും പ്രതിഷേധം. കേരള ഹൗസിന് മുന്നിൽ യു.ഡി.എഫ് എം.പിമാരാണ് പ്രതിഷേധിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ പച്ചയായ വർഗീയത വിറ്റ് തടിയൂരുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എം.പിമാർ ആരോപിച്ചു.

സ്വർണ്ണക്കടത്ത്, ജലീൽ വിവാദങ്ങളിൽ സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് യു.ഡി.എഫ് എം.പിമാരും. കേരള ഹൗസിന് മുന്നിൽ നടന്ന എം.പി മാരുടെ പ്രതിഷേധ സമരം സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്‌ഘാടനം ചെയ്തു. സർക്കാറിനെതിരെ ഉയർന്നുവരുന്ന ജന രോഷത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ വിലപ്പോവില്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

ഭീകരവാദികൾ കേരളത്തിൽ കയറിയത് പോലും അറിയാത്ത പൊലീസാണ് യുവാക്കളെയും വിദ്യാർത്ഥികളെയും തല്ലി ചതയ്ക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി ആരോപിച്ചു. പച്ചയായ വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പിയും സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി യും പറഞ്ഞു.

കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി, എം.പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, എം.കെ രാഘവൻ, വി.കെ ശ്രീകണ്ഠൻ, ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യാ ഹരിദാസ് എന്നിവർ ധർണയിൽ പങ്കെടുത്തു.