മുല്ലപ്പെരിയാറില്‍ കേന്ദ്രം ഇടപെടണം; പാർലമെന്‍റിനകത്തും പുറത്തും യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

Jaihind Webdesk
Tuesday, December 7, 2021

ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ മുന്നറിയിപ്പില്ലാതെ തുറന്നു വിടുന്നതിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് യുഡിഎഫ് എംപിമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർലമെന്‍റിനകത്തും പുറത്തും എംപിമാർ പ്രതിഷേധിച്ചു. എംപിമാരായ അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ് എന്നിവർ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി.

മുല്ലപ്പെരിയാറിൽ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നത് തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചത്. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നത് തടയാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം, നിലവിലെ ഡാം ഡീ കമ്മിഷൻ ചെയ്യണം, പുതിയ ഡാം നിർമ്മിച്ച് കേരളത്തിന്‍റെ സുരക്ഷ ഉറപ്പാക്കണം എന്നീ ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് എംപിമാർ പ്രതിഷേധിച്ചത്. തമിഴ്‌നാട് കേരളത്തെ പീഡിപ്പിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.

എംപിമാരായ അടൂർ പ്രകാശും ഡീൻ കുര്യാക്കോസും വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നു. ശൂന്യവേളയിൽ വിഷയം ഉന്നയിക്കുകയും ചെയ്തു. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തര ഇടപെടൽ നടത്തണമെന്നു ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.