
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പാര്‍ലമെന്റ് കവാടത്തിലായിരുന്നു പ്രതിഷേധം. ഈ വിഷയത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നതാണ് യു.ഡി.എഫ്. എം.പിമാരുടെ പ്രധാന ആവശ്യം. ആന്റോ ആന്റണി എം.പി.യുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്.
സംസ്ഥാനത്തെ സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ നിലവില്‍ സംസ്ഥാന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി.) നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും യു.ഡി.എഫ്. എം.പിമാര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന നിലപാട് യു.ഡി.എഫ്. ശക്തമാക്കിയത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് യു.ഡി.എഫ്. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമായിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഇതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനും യു.ഡി.എഫ്. എം.പിമാര്‍ തീരുമാനിച്ചു.