ജനവിധി യുഡിഎഫിന് എതിരല്ല ; സിപിഎമ്മിനും ഇടതുമുന്നണിക്കും ആഹ്ലാദിക്കാനില്ല : കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, December 16, 2020

 

തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന് എതിരല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് എതിരാണെന്ന പ്രചാരണം ശരിയല്ല. യു.ഡി.എഫ് അടിത്തറയ്ക്ക് കോട്ടമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ്  ഫലം എല്ലാ അര്‍ത്ഥത്തിലും  പരിശോധിക്കും.  സിപിഎമ്മിനും ഇടതുമുന്നണിക്കും ആഹ്ലാദിക്കാന്‍ വകയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെതിരായ ജനവികാരം പൂര്‍ണമായി പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വ്യക്തിബന്ധങ്ങളാണ് തദേശതെരഞ്ഞെടുപ്പില്‍ പ്രധാനമാകുക. സര്‍ക്കാരിന്‍റെ അഴിമതിക്കും  കൊളളയ്ക്കും ജനം വെളളപൂശിയെന്ന എൽഡിഎഫ് പ്രചാരണം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.  പുതുപ്പളളിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ യു.ഡി.എഫിനാണ് നേട്ടമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തിപരമായ കാര്യങ്ങളാണ് നിര്‍ണായകമാകുകയെന്നും അദ്ദേഹം പറഞ്ഞു.