കോഴിക്കോട്ട് മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിന് വന്‍ മുന്നേറ്റം

Jaihind News Bureau
Wednesday, December 16, 2020

കോഴിക്കോട് : ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിന് വന്‍ മുന്നേറ്റം. കഴിഞ്ഞ തവണ കൊടുവള്ളി മുന്‍സിപ്പാലിറ്റി മാത്രമായിരുന്നു യുഡിഎഫിന്‍റെ കൈവശം ഉണ്ടായിരുന്നത്. ഇത്തവണ കൊടുവള്ളിക്ക് പുറമെ പയ്യോളി, ഫറോഖ്, രാമനാട്ടുകര മുന്‍സിപ്പാലിറ്റികള്‍ പിടിച്ചെടുക്കുകയും മുക്കത്ത് തുല്യത നേടി ഭരണസാധ്യത സൃഷ്ടിക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയിൽ ആകെയുള്ള ഏഴില്‍ നാലിടത്തും യുഡിഎഫിന് വ്യക്തമായ ആധിപത്യം നേടാനായി. ഫറോക്കില്‍ 38 സീറ്റില്‍ 20 തും യുഡിഎഫ് നേടി. രാമനാട്ടുകരയില്‍ 17 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കൊടുവള്ളിയില്‍ ഇത്തവണയും മിന്നുന്ന വിജയം ആവര്‍ത്തിച്ചു. 36 സീറ്റുകളില്‍ എല്‍ ഡിഎഫിന്‍റെ പത്ത് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് 25 സീറ്റുകളോടെയാണ് ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് 11 സീറ്റാണ് നേടിയത്. എല്‍ ഡി എഫ് ഭരിച്ച പയ്യോളി ഇത്തവണ ശക്തമായ മത്സരത്തിലൂടെയാണ് യുഡിഎഫ് പിടിച്ചെടുത്തത്. 36 സീറ്റുകളില്‍ 21 ഉം നേടിയാണ് യു ഡി എഫ് അട്ടിമറി വിജയം നേടിയത്. മുക്കം മുനിസിപ്പാലിറ്റിയില്‍ 33 സീറ്റുകളില്‍ 15 സീറ്റുകള്‍ വീതമാണ് യു ഡി എഫും എല്‍ഡിഎഫും നേടിയത്. യുഡിഎഫ് വിമതന്‍ ഒരു സീറ്റും എന്‍ഡിഎ രണ്ട് സീറ്റും നേടി. 2015ല്‍ ആറ് മുനിസിപ്പാലിറ്റികളും എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു. ഫറോക്ക്, കൊയിലാണ്ടി, മുക്കം, രാമനാട്ടുകര, വടകര, പയ്യോളി എന്നിവയായിരുന്നു എല്‍ഡിഎഫ് ഭരിച്ചത്. കൊടുവള്ളി മാത്രമായിരുന്നു യുഡിഎഫ് ഭരിച്ചത്.

70 പഞ്ചായത്തുകളില്‍ 43 ഇടത്ത് എല്‍ഡിഎഫും 27 ഇടത്ത് യു ഡി എഫും ഭരണം നേടി. കഴിഞ്ഞ തവണ 22 പഞ്ചായത്തില്‍ മാത്രമായിരുന്നു ഭരണം. ജില്ലാ പഞ്ചായത്തിലും പഴയ കക്ഷി നില തന്നെ നിലനിര്‍ത്താന്‍ യു ഡി എഫിന് സാധിച്ചു. ആകെയുള്ള 27 ല്‍ ഒമ്പത് സീറ്റുകളിലാണ് യു ഡി എഫ് വിജയം. ഒഞ്ചിയം മേഖലയില്‍ ആര്‍ എം പിയുമായി ചേര്‍ന്നുള്ള യു ഡി എഫ്-ജനകീയ മുന്നണി മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നേടി. ഒഞ്ചിയം, അഴിയൂര്‍, ഏറാമല എന്നിവിടങ്ങളിലാണ് ജനകീയ മുന്നണി വിജയിച്ചത്.