തീപിടിത്തം മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ആസൂത്രിത അട്ടിമറിയെന്ന് രമേശ് ചെന്നിത്തല : പ്രക്ഷോഭം ശക്തമാക്കി യു.ഡി.എഫ്

Jaihind News Bureau
Thursday, August 27, 2020

Ramesh-Chennithala

തൃശൂര്‍ : ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെച്ച് സി.ബി.ഐ അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുന്നു. അഴിമതിയില്‍ കുളിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 21,000 വാര്‍ഡുകളില്‍ സത്യഗ്രഹ സമരം നടത്തുകയാണ്. തൃശൂര്‍ വടക്കാഞ്ചേരി ടൗണില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തീപിടിത്തത്തിന്‍റെ മറവിൽ സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫിസിൽ നിന്ന് ഫയലുകൾ കടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസിൽ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ആസൂത്രിത അട്ടിമറിയാണ് തീപിടിത്തം എന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വടക്കാഞ്ചേരിയിൽ നടത്തിയ ജനപ്രതിനിധികളുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സെക്രട്ടേറിയറ്റിലെ തീപിടിത്തം, സര്‍ക്കാരിന്‍റെ അഴിമതികള്‍ തുടങ്ങിയവ സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് പ്രതിഷേധം നടക്കുന്നത്. സംസ്ഥാനത്തെ 21,000 വാര്‍ഡുകളിലാണ് സത്യഗ്രഹ സമരം നടത്തുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വീഡിയോ കോൺഫറൻസിലൂടെ സമരത്തെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തെ 21,000 വാർഡുകളിൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സത്യാഗ്രഹ സമരം.

കെ.പി.സി.സി പ്രസിഡന്‍റ് വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യ പ്രഭാഷണം നടത്തി. അനിൽ അക്കര എം.എൽ.എ അധ്യക്ഷനായിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.സി ചാക്കോ, എം.പിമാരായ ബെന്നി ബഹന്നാൻ, ടി.എൻ പ്രതാപൻ, രമ്യാ ഹരിദാസ്, നേതാക്കളായ വി.എസ് വിജയ രാഘവൻ, അബ്ദുൾ മുത്തലിബ്, ഒ അബ്ദു റഹ്മാൻ കുട്ടി, പത്മജ വേണുഗോപാൽ, ജോസഫ് ചാലിശേരി തുടങ്ങിയവർ സംബന്ധിച്ചു.