യു.ഡി.എഫ് നിയോഗിച്ച ഹെല്‍ത്ത് ഹെല്‍ത്ത് കമ്മിഷന്റെ ഏകദിന ഹെല്‍ത്ത് കോണ്‍ക്ലേവ് നാളെ (വെള്ളി) തിരുവനന്തപുരത്ത് നടക്കും. കോവളം കെ.റ്റി.ഡി.സി സമുദ്ര ഹോട്ടലില്‍ രാവിലെ 9 മുതല്‍ നടക്കുന്ന കോണ്‍ക്ലേവ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല,യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ഡോ. എം.കെ മുനീര്‍, ഫ്രാന്‍സിസ് ജോര്‍ജ്, അനൂപ് ജേക്കബ്, ഷിബു ബേബിജോണ്‍, ജി. ദേവരാജന്‍, സി.പി ജോണ്‍, മാണി സി. കാപ്പന്‍, എ.എന്‍ രാജന്‍ ബാബു എന്നിവര്‍ പങ്കെടുക്കും.
ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ മുന്‍ ഡയറക്ടര്‍മാര്‍, ആരോഗ്യരംഗത്തും ബന്ധപ്പെട്ട രംഗങ്ങളിലുമുള്ള വിദഗ്ധര്‍, സാമ്പത്തികശാസ്ത്രജ്ഞര്‍, സാമൂഹ്യ ശാസ്ത്രജ്ഞര്‍ തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
കേരളത്തിലെ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന ഗുരുതര പ്രശ്നങ്ങളും അതുവഴി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിശദമായി പഠിക്കുന്നതിനും അവയ്ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് യു.ഡി.എഫ് അഞ്ചംഗ ഹെല്‍ത്ത് കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ ഒന്നര മാസമായി ഹെല്‍ത്ത് കമ്മിഷന്‍ ആരോഗ്യരംഗത്തെ പ്രധാന സ്ഥാപനങ്ങളുമായും മോധാവികളുമായും ആരോഗ്യപ്രവര്‍ത്തകരുമായും ശാസ്ത്രസാങ്കേതിക വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും പൊതുപ്രവര്‍ത്തകരുമായും പൊതുജനങ്ങളുമായും രോഗികളുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എറണാകുളത്ത് കമ്മിഷന്‍ സിറ്റിംഗും നടത്തി. ഈ ചര്‍ച്ചകളെത്തുടര്‍ന്ന് തെരഞ്ഞെടുത്ത ഇരുപതില്‍പ്പരം പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍ മുഖ്യമായും നടക്കുക.
ആരോഗ്യരംഗത്തെ സാമ്പത്തിക പ്രതിസന്ധി, ഭൗതിക സൗകര്യങ്ങളിലും ചികിത്സോപകരണങ്ങളിലും ഔഷധങ്ങളിലും മനുഷ്യവിഭവശേഷിയിലും അനുഭവപ്പെടുന്ന ഗുരുതരമായ കുറവുകള്‍, പുതിയതും പഴയതുമായ സാംക്രമിക രോഗങ്ങള്‍, ജീവിതശൈലിയുമായി ബന്ധപ്പെട്ട ചിരകാലരോഗങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും ആരോഗ്യ പ്രശ്നങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍, റോഡപകട മരണങ്ങള്‍, നഗരവല്‍ക്കരണവും കുടിയേറ്റവും മലിനീകരണവും കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍, ദുര്‍ബല ജനവിഭാഗങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ആരോഗ്യ പ്രശ്നങ്ങള്‍, മഹാമാരികള്‍ പോലുള്ള പൊതു ആരോഗ്യ അടിയന്തരാവസ്ഥകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നൂതന സാങ്കേതിക വിഷയങ്ങളിലുള്ള പരിശീലനക്കുറവ്, ഡിജിറ്റല്‍ ഡാറ്റ മാനേജ്മെന്റിലെ കുറവുകള്‍ എന്നിവ നേരിടാന്‍ സംസ്ഥാനത്തെ കൂടുതല്‍ സജ്ജമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കോണ്‍ക്ലേവില്‍ ഉരുത്തിരിയും. കോണ്‍ക്ലേവിലെ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ കമ്മിഷന്‍ തയാറാക്കുന്ന വിശദ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ: എസ്.എസ്. ലാല്‍ ചെയര്‍മാനായ ഹെല്‍ത്ത് കമ്മിഷനില്‍ ഡോ: ശ്രീജിത്. എന്‍ കുമാര്‍, ഡോ: രാജന്‍ ജോസഫ് മാഞ്ഞൂരാന്‍, ഡോ: പി.എന്‍. അജിത, ഡോ: ഒ.റ്റി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് അംഗങ്ങള്‍.